തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ടത്തില്‍ പ്രതികളായ സഹോദരങ്ങള്‍ക്കെതിരെ സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജ് മുമ്പാകെയാണ് പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സഹോദരങ്ങളായ അമല്‍ജിത്ത്, അഖില്‍ജിത്ത് എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസന്വേഷണ ഘട്ടത്തില്‍ പോലീസിന് പിടി കൊടുക്കാതെ പ്രതികള്‍ ഫെബ്രുവരി 9 ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
2024 ഫെബുവരി 7 ന് ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തില്‍ അമല്‍ജിത്ത് എന്ന പേരിലാണ് ഒരാള്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്. ഇത് ഇന്‍വിജിലേറ്റര്‍ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനയ്ക്ക് ഉദ്യോഗസ്ഥന്‍ എത്തിയത്.

പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ വിരല്‍ വെച്ചുള്ള പരിശോധന നടക്കുന്നതിനിടെ ഒരാള്‍ പുറത്തേക്ക് ഇറങ്ങിയോടി. പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരാളോടൊപ്പം ബൈക്കില്‍ കയറി പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അമല്‍ജിത്താണ് പ്രതിയെ ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

പി.എസ്.സി പരീക്ഷക്കിടെ ഇറങ്ങിയോടിയത് അമല്‍ജിത് എന്ന ഉദ്യോഗാര്‍ഥിയുടെ സഹോദരന്‍ അഖില്‍ജിത്ത് ആണെന്നാണ് കേസ്.
പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയത് ഉദ്യോഗാര്‍ഥിയുടെ സഹോദരനാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അമല്‍ജിത്തിന്റെ സഹോദരന്‍ അഖില്‍ജിത്താണ് പരീക്ഷയെഴുതാന്‍ എത്തിയത്. പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങിയോടിയ അഖില്‍ജിത്തിനെ ബൈക്കില്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമല്‍ജിത്തായിരുന്നു. പി.എസ്.സി പരീക്ഷാ പരിശോധനക്കിടെ ഇറങ്ങിയോടിയ സംഭവത്തില്‍ പ്രതിയെ പോലീസ് തിരയുന്നതിനിടെയാണ് നാടകീയമായി പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്.