കണ്ണൂർ: മട്ടന്നൂർ ജുമാമസ്ജിദ് പുനർനിർമ്മാണ അഴിമതി കേസിൽ കുറ്റാരോപിതനായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്ക് വിദേശത്ത് പോകാൻ തലശേരി ജില്ലാസെഷൻസ് കോടതി അനുമതി നിഷേധിച്ചു. മട്ടന്നൂർ ജുമാ മസ്ജിദ് പുനർ നിർമ്മാണ അഴിമതി കേസിൽ പ്രതിയായ കല്ലായിയുടെ പാസ്പോർട്ട് കോടതി വിട്ടു നൽകിയില്ല. പാസ്പോർട്ട് വേണമെന്ന കല്ലായിയുടെ ഹരജി തലശേരി ജില്ലാ സെഷൻസ് കോടതി തള്ളുകയായിരുന്നു.

അബ്ദുറഹ്മാൻ കല്ലായിക്ക് വിദേശത്തു പോകാൻ പാസ്പോർട്ട് നൽകുന്നതിനെതിരെ പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ എതിർത്തു. പ്രതികൾ പൊലിസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂട്ടർ കോടതിയിൽ വാദിച്ചു. ഇതുപരിഗണിച്ചു കൊണ്ടാണ് കോടതി പാസ്പോർട്ടു തടഞ്ഞുവെച്ചത്. കോടികളുടെ അഴിമതി ആരോപണമാണ് മട്ടന്നൂർ ജുമാമസ്ജിദ് നിർമ്മാണവുമായി ബന്ധപ്പെട്ടുയുയർന്നുവന്നത്. പള്ളിയോടു ചേർന്നു നിർമ്മിച്ച ഷോപ്പിങ് കോംപ്ളക്സിന്റെ പേരു പറഞ്ഞു പണം പിരിച്ച നിക്ഷേപർക്ക് അതു തിരിച്ചു നൽകിയില്ലെന്ന ആരോപണവും ഉയർന്നിരുന്നു.