തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ മുൻ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആഷിക് മാന്നാറിന് എതിരായ ലൈംഗിക പീഡന കേസിൽ നേതാവിന് സോപാധിക മുൻകൂർ ജാമ്യം അനുവദിച്ചു. ഇപ്പോൾ പരാതിയില്ലെന്ന് 19 കാരിയായ നിയമ വിദ്യാർത്ഥിനി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് കേസ് കാര്യം പരസ്പരം സംസാരിച്ച് രാജിയായി എല്ലാം ഒത്തു തീർപ്പായെന്നും കേസ് തുടർന്ന് നടത്താൻ താൽപര്യമില്ലെന്നും പ്രതിക്കെതിരെ മേൽ പരാതിയില്ലെന്നും കാണിച്ച് സത്യവാങ്മൂലം അഡീ. ജില്ലാ ജഡ്ജി പ്രസുൻ മോഹൻ മുമ്പാകെ സമർപ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് പ്രതി ഹാജരാകണം. ദ്യശ്യങ്ങൾ പകർത്തിയെന്നാരോപിക്കുന്ന മൊബെൽ ഫോണും മെമ്മറി കാർഡും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം. അന്വേഷണവുമായി സഹകരിക്കണം. പരാതിക്കാരിയടക്കമുള്ള സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല. പാസ്‌പോർട്ട് കോടതിയിൽ കെട്ടി വക്കണം. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കണം എന്നീ ഉപാധികളോടെയാണ് ' തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജാമ്യം നൽകിയത്