തിരുവനന്തപുരം : കോഴിക്കോട് ജനുവരി മൂന്നിന് നടക്കുന്ന സംസ്ഥാന കലോത്സവത്തിലെ മാർഗ്ഗം കളിയിൽ ഉൾപ്പെടുത്തണമെന്ന തിരുവനന്തപുരം നിർമ്മലഭവൻ സ്‌കൂൾ വിദ്യാർത്ഥിനികളുടെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം മൂന്നാം അഢീഷണൽ മുൻസിഫ് ജയന്തനാണ് ഹർജി തള്ളിയത്.

ടീം മാനേജർ കുമാരപുരം മോസ്‌ക് ലൈൻ സ്വദേശി ബെൻസി ജോർജ് ആയിരുന്നു ഹർജിക്കാരി. സുഗമമായി നടക്കാൻ പോകുന്ന സംസ്ഥാന കലോത്സവ പരിപാടി തടസപ്പെടുത്താനുള്ള നീക്കമാണ് ഹർജിക്കാരിയുടേതെന്നായിരുന്നു സർക്കാർ വാദം. റവന്യൂ കലോത്സവത്തിൽ മാർഗ്ഗം കളിയിൽ രണ്ടാം സ്ഥാനക്കാരായിരുന്ന നിർമ്മല ഭവൻ അന്ന് തന്നെ നൽകിയിരുന്ന അപ്പീൽ അപ്പീൽ കമ്മറ്റി തള്ളിയിരുന്നു. ഇതിനെതിരെയാണ് വിദ്യാർത്ഥിനികൾക്ക് വേണ്ടി ടീം മാനേജർ കോടതിയെ സമീപിച്ചത്.

ഹർജിക്കാരിയുടെ പരാതിയിൽ ഒരു സിവിൽ തർക്കം ഇല്ലാത്തതിനാൽ കേസ് സിവിൽ കോടതിയിൽ നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. നേരത്തേ ഇത്തരം അപ്പീലുകൾ ലോകായുക്തയാണ് പരിഗണിച്ചിരുന്നത്. അപ്പീലുകളുടെ ബാഹുല്യം കാരണം ഇത്തരം അപ്പീലുകൾ ലോകായുക്ത പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് ഹർജിക്കാരി സിവിൽ കോടതിയെ സമീപിച്ചത്. ഹർജിക്കാരിയുടെ ആവശ്യം അംഗീകരിച്ചാൽ നിലവിൽ തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂളുകൾ മാറിമറിയുമെന്നും അത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിയക്കുമെന്നുമുള്ള സർക്കാർ ആശങ്കയും കോടതി പരിഗണിച്ചു.