തിരുവനന്തപുരം: ബി എസ് എൻ എൽ കേബിൾ തൊഴിലാളിയെ മദ്യലഹരിയിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്താൻ പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. കാറുടമയും ഡ്രൈവറുമായ പേരൂർക്കട അമ്പലമുക്ക് സ്വദേശി അജയഘോഷ് (56) എന്ന പ്രതിയെ ഫെബ്രുവരി 9 ന് ഹാജരാക്കാനാണുത്തരവ്. പ്രതിയെ ഹാജരാക്കാൻ പേരൂർക്കട പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കാണ് കോടതി നിർദ്ദേശം നൽകിയത്.

പേരൂർക്കട - അമ്പലംമുക്ക് വൺവേ റോഡിൽ 2020 മാർച്ച് 7 ന് രാത്രി 10.45 മണിക്കാണ് സംഭവം നടന്നത്. മദ്യലഹരിയിൽ കാറോടിച്ച് ട്രാഫിക് കൺട്രോൾ അടയാളങ്ങളെയും സൈൻ ബോഡുകളും ഡൈവേർഷൻ ബാരിക്കേഡുകളും ഇടിച്ച് തെറിപ്പിച്ച് വൺവേയുടെ മധ്യഭാഗത്ത് കേബിൾ റെസ്റ്റോറേഷൻ വർക്കിന് വേണ്ടി കുഴിയെടുത്ത് മറ്റു ജോലിക്കാരോടൊപ്പം കുഴിക്കകത്ത് നിന്ന് കുഴിതെളിച്ചു കൊണ്ടു നിന്ന 38 കാരനായ ജോൺ ഫ്രെഡിനെ കൊലപ്പെടുത്തുകയായിരുന്നു.

ജോണിന്റെ ശരീരത്തിൽ കാർ കൊണ്ടുവന്നിടിച്ച് ജോണിനെയും വഹിച്ചുകൊണ്ട് മുന്നോട്ട് പോയി തലയ്ക്കും ശരീരത്തിലെ മറ്റു ഭാഗങ്ങൾക്കും ആഴത്തിലുള്ള മുറിവുകൾ സംഭവിപ്പിച്ച് മരണം സംഭവിക്കുന്നതിന് ഇടയാക്കി മദ്യപിച്ച് വാഹനമോടിച്ചാൽ മനുഷ്യ ജീവന് ആപത്തും ജീവഹാനിയും സംഭവിക്കുമെന്ന് അറിവുണ്ടായിരുന്ന പ്രതി ആയതിന് വിപരീതമായി പ്രവർത്തിച്ച് കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ ചെയ്തുവെന്നാണ് കേസ്.