തിരുവനന്തപുരം: മൈസൂരിൽ നിന്ന് കണ്ടെയ്‌നർ ലോറിയിൽ 20 കോടി രൂപയുടെ 502 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ പ്രതികളുടെ വിടുതൽ ഹർജികൾ തള്ളി. അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ പഞ്ചാബ് സ്വദേശി രാജു ഭായിയെന്ന മൻദീപ് സിങ്ങടക്കം 3 പ്രതികൾ സമർപ്പിച്ച കുറ്റവിമുക്തരാക്കൽ ഹർജികളാണ് തലസ്ഥാനത്തെ വിചാരണ കോടതി തള്ളിയത്. തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിടുതൽ ഹർജികൾ തള്ളി എല്ലാ പ്രതികളും വിചാരണ നേരിടാൻ ഉത്തരവിട്ടത്. 

രാജു ഭായിയടക്കം 7 പ്രതികളുടെ റിമാന്റ് നീട്ടി ജയിലിലേക്കയച്ച കോടതി ഫെബ്രുവരി 24 ന് പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ടു. എട്ടാം പ്രതി മാത്രം ജാമ്യത്തിലാണ്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള 3 പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. എക്‌സൈസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ചതിൽ പ്രതികൾ കൃത്യം ചെയ്തതായി അനുമാനിക്കാൻ കാരണമുണ്ടെന്നും പ്രതികൾക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉള്ളതായും ഉത്തരവിൽ കോടതി വിലയിരുത്തി.

2021 ലാണ് 8 പ്രതികൾക്കെതിരെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് കുറ്റപത്രം സമർപ്പിച്ചത്. ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി റിമാന്റിൽ കഴിയുന്ന 7 പ്രതികളെയും ഹാജരാക്കാൻ മൈസൂർ , പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു. മൈസൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ള സംസ്ഥാനാന്തര ലഹരിക്കടത്ത് നിയന്ത്രിക്കുന്ന രാജു ഭായിയെന്ന മൻദീപ് സിങ് , സംഘത്തിലെ കൂട്ടാളികളായ കണ്ണൂർ സ്വദേശി ജിതിൻ രാജ് , തൃശൂർ സ്വദേശി സെബിയന്ന സെബി സെബാസ്റ്റ്യൻ , വടകര സ്വദേശി അബീഷ് എന്നിവരെയാണ് മൈസൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഹാജരാക്കേണ്ടത്. മൈസൂരിലേക്കുള്ള പ്രൊഡക്ഷൻ വാറണ്ട് നടപ്പിലാക്കാൻ സംസ്ഥാന ഡി ജി പി യോട് കോടതി ഉത്തരവിട്ടു.

കേസിൽ റിമാന്റിൽ കഴിയുന്ന ഒന്നു മുതൽ 7 വരെ പ്രതികളായ നാഷണൽ പെർമിറ്റ് കണ്ടെയ്‌നർ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് (32) , രണ്ടാം പ്രതി ലോറി ക്ലീനർ ത്സാർഖണ്ഡ് സ്വദേശി കൃഷ്ണ യദു (23) , അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ രാജു ഭായിയെന്ന മൻദീപ് സിങ് , മത്സ്യക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കടത്തുന്ന തലസ്ഥാന ജില്ലയിലെ ഏജന്റുമായ ചിറയിൻകീഴ് അഴൂർ മുട്ടപ്പലം ഇടയില അഭയ വില്ലയിൽ ജയൻ എന്ന ജയച്ചന്ദ്രൻ നായർ (55) , ജിതിൻ രാജ് , ലഹരിക്കടത്തു കണ്ണികളായ ത്യശൂർ സ്വദേശി സെബിയെന്ന സെബി സെബാസ്റ്റ്യൻ എന്നിവരെയാണ് ഹാജരാക്കേണ്ടത്. ജാമ്യത്തിൽ കഴിയുന്ന എട്ടാം പ്രതി വടകര സ്വദേശി അബീഷ് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.

കേസിലെ മൂന്നാം പ്രതിയായ കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും വൻതോതിൽ കഞ്ചാവ് കയറ്റി അയക്കുന്ന പഞ്ചാബ് സ്വദേശിയും നിലവിൽ ഹൈദരാബാദ് ഭദ്രാചലം നിവാസിയുമായ ലഹരി മാഫിയ തലവൻ രാജു ഭായി , കൂട്ടു പ്രതികളായ കണ്ണൂർ സ്വദേശി ജിതിൻ രാജ് , രാജു ഭായിയുടെയും ജിതിൻ രാജിന്റെയും ഇടനിലക്കാരനായ മൈസൂരിലെ റിസോർട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക , കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നയാളും സംസ്ഥാനത്തെ ഏജന്റുമാരിൽ നിന്ന് പണം പിരിച്ച് രാജു ഭായിക്ക് എത്തിക്കുന്നയാളുമായ തൃശൂർ സ്വദേശി സെബു , തലസ്ഥാനത്തെ മറ്റൊരു ഏജന്റുമായ വടകര സ്വദേശി അബീഷ് എന്നിവർ ഒളിവിലായിരുന്നു. 2021 ജനുവരിയിലാണ് ഇവർ പിടിയിലായത്.

2020 സെപ്റ്റംബർ 6 ന് വെളുപ്പിന് 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരിൽ നിന്ന് കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറുടെ എ സി ക്യാബിനിന്റെ രഹസ്യ അറയിൽ 50 പാക്കറ്റുകളിലായി ഒളിപ്പിച്ച് കണ്ണൂർ വഴി തലസ്ഥാനത്തേക്ക് കടത്തിയ അര ടൺ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ആണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ് ലോറി പരിശോധിച്ചത്. തലസ്ഥാനത്തെ ഏജന്റായ ചിറയിൻകീഴ് സ്വദേശി ജയന്റെ മുടപുരത്തെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാൻ ആയി ജയനെ കാത്ത് ആറ്റിങ്ങൽ കോരാണിക്ക് സമീപം ഒതുക്കിയിട്ട സമയത്താണ് എക്‌സൈസ് ലോറിയും രഹസ്യ അറയിലൊളിപ്പിച്ച കഞ്ചാവും പിടികൂടിയത്.