- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി എസ് എൻ എൽ സഹകരണസംഘം നിക്ഷേപ തട്ടിപ്പ്; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി 18 ന് പരിഗണിക്കും
തിരുവനന്തപുരം : ബി. എസ്. എൻ. എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം ആറാം അഢീഷണൽ ജില്ലാ സെഷൻസ് കോടതി ഈ മാസം 18 ലേയ്ക്ക് മാറ്റി. സേവ് ഫോറം എന്ന സംഘടന കക്ഷി ചേരണമെന്ന ആവശ്യവുമായി വന്നതിനെ തുടർന്നാണ് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.
92 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ പൊലീസ് കേസ് എടുത്തതിനെ സംബന്ധിച്ച് സേവ് ഫോറത്തെ കക്ഷിയാക്കുന്നതിലെ നിയമപരമായ സാംഗത്യത്തെ സർക്കാരും പ്രതിഭാഗവും ചോദ്യം ചെയ്തതിനെ തുടർന്നാണ് കേസ് മറ്റൊരു ദിവസം വാദം കേൾക്കാനായി കോടതി മാറ്റി വച്ചത്. 1255 നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് കേസ്.
സഹകരണ സംഘം മുൻ പ്രസിഡന്റ് ഗോപിനാഥൻ നായർ, ക്ലർക്ക് രാജീവ് എന്നിവരുടെ മുൻ കൂർ ജാമ്യ ഹർജികളാണ് കോടതിയുടെ പരിഗണനയിൽ വന്നത്. നിക്ഷേപകർക്ക് വ്യാജ നിക്ഷേപ രേഖകൾ നൽകിയാണ് പ്രതികൾ വൻ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളും കൈമാറ്റങ്ങളും ഭൂമി വാങ്ങി കൂട്ടിയതടക്കമുള്ള നിയമ വിരുദ്ധ ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതായാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
എല്ലാ നിക്ഷേപകരെയും കണ്ടെത്തി തട്ടിപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിച്ചാലേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനാകൂവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. വഞ്ചിയൂർ പൊലീസാണ് പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് എടുത്തത്.