തിരുവനന്തപുരം : ടെറസ്സിൽ പ്രാവ് വളർത്തിയ വിരോധത്താൽ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ച ബീമാപ്പള്ളി പത്തേക്കർ നരഹത്യാശ്രമക്കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കെതിരെ അറസ്റ്റുവാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പെടുവിച്ചു. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. രണ്ടാം പ്രതി ബീമാപ്പള്ളി ഹൈസ്‌ക്കൂളിന് സമീപം പുതുവൽ ഹൗസിൽ സമീർ സുലൈമാൻ(24) , അഞ്ചാം പ്രതി വിഴിഞ്ഞം ടൗൺഷിപ്പ് കോളനി നിവാസി അൽത്താഫ് (32) എന്നിവരെ ജനുവരി 31 നകം അറസ്റ്റ് ചെയ്യാനും ഇവരുടെ സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാനുമാണ് കോടതി ഉത്തരവ്.

2021 ജൂലൈ 20ന് രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബീമാപ്പള്ളി ഈസ്റ്റ് മാണിക്യ വിളാകം വീട്ടിൽ സഹോദരങ്ങളായ അഫ്‌സൽ ഖാൻ (41) , അജ്മൽ ഖാൻ (32) എന്നിവരെ ആക്രമിച്ച് നരഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നാണ് കേസ്. പത്തേക്കർ തൈക്കാപ്പള്ളി അൽഫർ റോഡിൽ വച്ചാണ് സംഭവം നടന്നത്.

ഒന്നാം പ്രതി ബീമാപ്പള്ളി സ്വദേശി സുഹൈൽ സുലൈമാനും രണ്ടാം പ്രതി സമീർ സുലൈമാനും അജ്മൽ ഖാനെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച സഹോദരൻ അഫ്‌സൽ ഖാനെ ഒന്നും രണ്ടും പ്രതികൾ മർദ്ദിക്കുകയും ഒന്നാം പ്രതി ഒരു കല്ലെടുത്ത് തലക്ക് നേരേ അടിക്കുകയും അടി തലയിൽ കൊള്ളാതിരിക്കാൻ അഫ്‌സൽ കൈ കൊണ്ട് തടുത്ത് കല്ലടക്കം താഴെയിടുകയും 1 മുതൽ 5 വരെ പ്രതികൾ ചേർന്ന് അഫ്‌സലിന്റെ മുന്നിലും പുറകിലും നിന്ന് നെഞ്ചിലും ഷോൾഡറിലും ഇടിക്കുകയും താഴെ വീണ അഫ്‌സലിന്റെ മുഖത്തും നെഞ്ചിലും തലയുടെ പുറക് വശത്ത് ചവിട്ടുകയും ഇടിക്കുകയും ചെയ്തതിൽ വച്ച് അഫ്‌സലിന്റെ ഇടത് മൂക്കെല്ലിനും മാക്‌സില്ലക്കും പൊട്ടൽ സംഭവിക്കുന്നതിനിട വരുത്തിയും അജ്മലിനെയും ദേഹോപദ്രവം ഏൽപ്പിക്കുകയും അഫ്‌സൽ കൈ കൊണ്ട് തടുത്തില്ലായിരുന്നെങ്കിൽ മുഖത്തും തലയിലും മാരകമായ കൂടതൽ മുറിവുകൾ പറ്റി മരണം വരെ സംഭവിക്കത്തക്ക വിധം പ്രതികൾ കുറ്റകരമായ നരഹത്യ ശ്രമം നടത്തിയെന്നാണ് കേസ്. വിഴിഞ്ഞം സ്വദേശികളായ സെയ്ഫുദീൻ , അൽഅമീൻ എന്നിവരാണ് മൂന്നും നാലും പ്രതികൾ.