തിരുവനന്തപുരം: പാറ്റൂർ ഗൂണ്ടാ ആക്രമണ കേസിൽ, 3 പ്രതികളെ ജനുവരി 23 വൈകിട്ട് 5 മണി വരെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. 23 ന് 5 മണിക്ക് പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കാനും മജിസ്ട്രേട്ട് ഷിബു ഡാനിയേൽ ഉത്തരവിട്ടു.

ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിൽ പാറ്റൂരിൽ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഓംപ്രകാശിനെ എഫ് ഐആറിൽ ചേർക്കാതെ പേട്ട പൊലീസ് ഒത്തുകളിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. പേട്ട പൊലീസ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഷിബു ഡാനിയേൽ മുമ്പാകെ സമർപ്പിച്ച എഫ് ഐ ആറിലാണ് പൊലീസ് കള്ളക്കളി വെളിച്ചത്ത് വന്നത്. ഓംപ്രകാശിനെ എട്ടാം പ്രതിയാക്കിയെടുത്തെന്ന് മാധ്യമങ്ങളോട് വീമ്പു പറഞ്ഞ പേട്ട സി ഐ മറ്റൊരു പുതിയ എഫ് ഐ ആർ പേട്ട പൊലീസ ്‌ക്രൈം 17/2023 ആയി കോടതിയിൽ ഹാജരാക്കിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

ഒന്നു മുതൽ 5 വരെ പ്രതികളായ മുഹമ്മദ് ഇബ്രാഹിം റാവുത്തർ എന്ന ഇബ്രു (27), ബാദുഷ മകൻ സൽമാൻ ഷാ, മുഹമ്മദ് ബഷീർ മകൻ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകർ രാജു മകൻ സുബ്ബുരാജ് എന്ന സുബ്ബു , നിയമ വിദ്യാർത്ഥി അഭിലാഷ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.