തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത 'ടോട്ടൽ ഫോർ യു' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കം 19 പ്രതികളുള്ള കേസിൽ വിചാരണ പൂർത്തിയായി.

അന്തിമവാദം ജനുവരി 31 ന് ബോധിപ്പിക്കാൻ വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയടക്കം 54. സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു. കേസിൽ ഇതിനോടകം 54 സാക്ഷികളെ വിസ്തരിക്കുകയും 90 രേഖകൾ അക്കമിട്ട് കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു.

സ്റ്റാച്യു ഗവ: സെക്രട്ടറിയേറ്റിനെതിർവശം കാപ്പിറ്റൽ സെന്റർ, മെഡിക്കൽ കോളേജ് മുണ്ടക്കൽ അർക്കേഡ, ' ടോട്ട് ടോട്ടൽ ' , പാളയം പഞ്ചാപ്പുര റോഡിൽ ' എസ് ജെ ആർ ഗ്രൂപ്പ് ' , പടിഞ്ഞാറേക്കോട്ട പുന്നപുരം റാം വേഴ്‌സിൽ ' ഐ നെസ്റ്റ് ' , മെഡിക്കൽ കോളേജ് ചാലക്കുഴിയിൽ ' നെസ്റ്റ് ' എന്നിവിടങ്ങളിലാണ് കോടികളുടെ നിക്ഷേപം സ്വീകരിച്ച് ജനങ്ങളെ വഞ്ചിച്ചത്:

തട്ടിപ്പിനിരയായത് 700 ൽ പരം നിക്ഷേപകരാണ്. ശബരിനാഥിന് സെഞ്ചൂറിയൻ ബാങ്കിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന വ്യാജ സ്ഥിര നിക്ഷേപ രേഖ കാണിച്ചാണ് നിഷേപകരെ വലയിൽ വീഴ്‌ത്തിയത്. പലരുടെയും ഉപജീവനവും വിവാഹവും മുടങ്ങി. വഞ്ചിച്ചത് 20 മുതൽ 80 % വരെ വളർച്ച വാഗ്ദാനം ചെയ്തായിരുന്നു.

ഷെയർ മാർക്കറ്റിലും മ്യൂച്വൽ ഫണ്ടിലും ക്രൂഡ് ഓയിൽ കമ്പനിയിലും വെള്ളി കമ്പനിയിലുമായി മറു നിക്ഷേപം നടത്തിയാണ് തങ്ങൾ ഉയർന്ന പലിശ നൽകുന്നതെന്നും വിശ്വസിപ്പിച്ചായിരുന്നു നിക്ഷേപ തട്ടിപ്പ്.

19 ആഡംബര കാറുകൾ പിടിച്ചെടുത്തിട്ടും 18 കാറുടമകളുടെ വിശദാംശം മാത്രമാണ് തൊണ്ടി ലിസ്റ്റിലുള്ളത്. 2007 - 08 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്.