തിരുവനന്തപുരം: ആറ്റിങ്ങൽ സൂര്യ കൊലക്കേസിലെ ഏക പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ പി എസ് ഷൈജു കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തതിനാൽ കേസ് ഫയലിൽ നിന്നും കോടതി കുറവ് ചെയ്തു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. പൊലീസ് പ്രതിയുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്നാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണൻ പ്രതിക്കെതിരായ ക്രിമിനൽ കേസ് കുറവ് ചെയ്യാൻ ഉത്തരവിട്ടത്.

സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജിൽ മുറിയെടുത്ത് കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ മനോജ് കുമാർ 2021 ൽ നടന്ന വിചാരണ വേളയിൽ മൊഴി നൽകിയിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് എസ് ഐ സാക്ഷിമൊഴി നൽകിയത്. സൂര്യ കൊല്ലപ്പെട്ട 2016 ജനുവരി 27ന് തന്നെ ഉച്ചയോടെയാണ് പ്രതി ലോഡ്ജ് മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. വിവരം ജിഡിയിൽ രേഖപ്പെടുത്തി. സ്റ്റേഷൻ റൈറ്റർ വിജിമോനാണ് ജി ഡി രജിസ്റ്റർ അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർക്ക് ഹാജരാക്കി നൽകിയത്. മഹസ്സർ തയ്യാറാക്കിയ ശേഷം ജി ഡി ബുക്ക് മൂന്നാം സ്ഥാനത്തിൽ റൈറ്റർക്ക് വിട്ടുനൽകിയതായും അദ്ദേഹം മൊഴി നൽകി. സീഷ്വർ മഹസ്സർ പ്രോസിക്യൂഷൻ ഭാഗം നാലാം രേഖയായി അക്കമിട്ട് ജഡ്ജി കെ.ബാബു തെളിവിൽ സ്വീകരിച്ചു.

കൃത്യത്തിന് ശേഷം ആറ്റിങ്ങലിൽ നിന്നും കടന്ന പ്രതിയെ ടവർ ലൊക്കേഷൻ വഴി പൊലീസ് കൊല്ലത്തെ ലോഡ്ജ് മുറിയിൽ കണ്ടെത്തുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് തന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അകത്ത് പ്രവേശിച്ചപ്പോൾ പ്രതി മരണത്തോട് മല്ലിടുകയായിരുന്നു. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലും റിമാന്റിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി റിമാന്റ് തടവുകാരുടെ സെല്ലിലും പാർപ്പിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിയുടെ മരണ മൊഴി ജുഡീഷ്യൽ മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.

പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും ആറ്റിങ്ങൽ മജിസ്‌ട്രേട്ട് കോടതി പൊലീസിന്റെ ആവശ്യം തള്ളി. അത്യാസന്ന നിലയിൽ കഴിയുന്ന പ്രതി മാനസികമോ ശാരീരികമായോ ആരോഗ്യവാനല്ല എന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കസ്റ്റഡി ആവശ്യം കോടതി തള്ളിയത്. തുടർന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് വീഴ്ച വരുത്തിയതിനാൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 ( 2 ) പ്രകാരം പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അതിനാൽ തന്നെ പ്രതിയുടെ സാന്നിദ്ധ്യത്തിൽ പൊലീസിന് തൊണ്ടിമുതലുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

കൊലക്ക് ശേഷം പ്രതി നടന്നു പോകുന്നത് കണ്ടവർ ഉണ്ടെന്നല്ലാതെ കൊലപാതകത്തിന് ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ - സൈബർ തെളിവുകളും ആണ് പ്രോസിക്യൂഷൻ കേസ് തെളിയിക്കാൻ ആശ്രയിച്ചിരിക്കുന്നത്. സൂര്യ വീട്ടിൽ നിന്നും സ്‌ക്കൂട്ടർ ഓടിച്ചു വന്ന് വെഞ്ഞാറമൂട് ജംഗ്ഷനിൽ വച്ച് പൂട്ടിയ ശേഷം അവിടെ കാത്തു നിന്ന ഷിജുവിനൊപ്പം സ്വകാര്യ ബസ്സിൽ കയറി ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിജു ആറ്റിങ്ങൽ സ്റ്റാന്റിന് സമീപത്തെ ഇടവഴിയിലൂടെ സംസാരിച്ചു കൊണ്ട് നടന്ന് ട്രാൻസ്‌ഫോർമറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൃത്യം നിർവ്വഹിക്കുകയായിരുന്നു.

സൂര്യ കൊല്ലപ്പെട്ടത് 2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടർമാരെയും മറ്റും ചേർത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.