തിരുവനന്തപുരം: കൊല്ലപ്പെട്ട ഗൂണ്ട, കണ്ണമ്മൂല സുനിൽ ബാബുവിന്റെ സഹോദരൻ ഡിനി ബാബു അടക്കം 5 പേർ പ്രതികളായ കേസിൽ വിചാരണ തുടങ്ങുന്നു. സ്‌ഫോടക വസ്തുവും ആയുധവും കൈവശം വച്ചെന്ന കേസ് വിചാരണക്കായി മജിസ്‌ട്രേട്ട് കോടതി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിക്കയച്ചു.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികൾ വിചാരണ നേരിടാനായി പൊലീസ് കുറ്റപത്രത്തിന്റെയും സാക്ഷിമൊഴികളുടെയും അനുബന്ധ രേഖകളുടെയും പകർപ്പ് പ്രതികൾക്ക് നൽകാൻ ഉത്തരവിട്ട ശേഷം കേസ് കമ്മിറ്റ് ചെയ്തയച്ചത്. ഡിനി ബാബു, ഷിജു , സുരേഷ് കുമാർ , ദിലീപ്, പ്രദീപ് എന്ന കണ്ണൻ എന്നിവരെ 1 മുതൽ 5 വരെ പ്രതി ചേർത്താണ് മെഡിക്കൽ കോളേജ് കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിക്കകത്ത് സംഘം ചേർന്ന് സ്‌ഫോടക വസ്തു, ആയുധം എന്നിവ കൈവശം വച്ചുവെന്നാണ് കേസ്.

അതേ സമയം തലസ്ഥാന നഗരിയിലെ പ്രബല ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയിൽ നടന്ന കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ കള്ള തെളിവ് നൽകിയ കുറ്റത്തിന് പ്രതിയാക്കി 2018ൽ കോടതി നേരിട്ട് കേസെടുത്തിരുന്നു. പ്രതിയെ ഏപ്രിൽ 11 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഗുണ്ടാ കുടിപ്പകയിൽ പുത്തൻപാലം രാജേഷിന്റെ അനുയായികൾ ഡിനി ബാബുവിന്റെ സഹോദരൻ സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് കള്ള സാക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുത്തത്.