തിരുവനന്തപുരം : ഗവ. സെക്രട്ടറിയേറ്റ് വാർഡ് ചെങ്കൽ ചൂള രാജാജി നഗറിൽ നടന്ന അരുൺ കൊലക്കേസിൽ പ്രതി ഷൈജു എന്ന ഉടക്ക് ഷൈജുവിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രാജാജി നഗർ ഫ്‌ളാറ്റ് 23 ൽ താമസിക്കുന്ന രാജു എന്ന ഉടക്ക് രാജുവിന്റെ മകൻ ഷൈജു എന്ന ഉടക്ക് ഷൈജു (28) വിനാണ് കോടതി ശിക്ഷ വിധിച്ചത്. ഗൗരവമേറിയ നിഷ്ഠൂര കുറ്റം മുൻകൂട്ടി തീരുമാനിച്ചുറച്ച് ആയുധമുപയോഗിച്ച് ചെയ്തതായി കണ്ടെത്തിയ പ്രതി നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്നും വിചാരണ കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

2010 ഏപ്രിൽ 15 ഉച്ചതിരിഞ്ഞ് 3 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജാജി നഗർ സ്വദേശി അരുൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുമ്പു നടന്ന വഴക്കിൽ തന്നെ വിനീത് എന്ന യുവാവ് മർദ്ദിച്ചത് പ്രതി ഷൈജു പിടിച്ചു മാറ്റാത്തതെന്തെന്ന് ചോദിച്ച് അരുൺ ഷൈജുവിനെ മർദ്ദിച്ചതിൽ പ്രകോപിതനായി അരുണിനെ കൊലപ്പെടുത്തണമെന്ന ആസൂത്രണത്തോടെ അപ്പാർട്ടുമെന്റ് ഫ്‌ളാറ്റിൽ ചെന്ന് കത്തിയെടുത്തു കൊണ്ട് വന്ന് അരുണിനെ ഷൈജു കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കന്റോൺമെന്റ് പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ഹാജരായി.