തിരുവനന്തപുരം: അരക്കോടി രൂപയുടെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ് കേസിൽ വിചാരണ പൂർത്തിയായി. അന്തിമവാദം 15 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളെ വിചാരണ ചെയ്തത്. റുമേനിയക്കാരായ 2 പ്രതികളാണ് വിചാരണ നേരിട്ടത്. ബാക്കി 4 പ്രതികൾ ഒളിവിലാണ്.

കേസിലെ ഒന്നും ആറും പ്രതികളായ റൊമാനിയയിലെ ദോൽജ് സംസ്ഥാനത്ത് ക്രയോവ നഗരത്തിൽ സാദു തെരുവിൽ ഇലി ഗബ്രിയേൽ മരിയൻ (27), അലക്‌സാണ്ടർ മാരിയാനോ (28) എന്നിവരെയാണ് കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തി വിചാരണ ചെയ്തത്. .ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി) (കുറ്റകരമായ ഗൂഢാലോചന ),465 ( വ്യാജ നിർമ്മാണം), 467 (മൂല്യമുള്ള ഈടിന്റെ വ്യാജ നിർമ്മാണം), 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം),471 (വ്യാജ നിർമ്മിത രേഖ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ),380 (കെട്ടിടത്തിൽ നിന്നുള്ള മോഷണം), 201(തെളിവ് നശിപ്പിക്കൽ), വിവര സാങ്കേതിക നിയമത്തിലെ വകുപ്പുകളായ 43, 66 എന്നിവ പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ കോടതി ചുമത്തിയത്.

പ്രതികളായ ആറംഗ റുമേനിയൻ സംഘത്തിലെ 4 പ്രതികൾ ഇന്ത്യ വിട്ട് വിദേശ രാജ്യത്തേക്ക് ഒളിവിൽ പോയി. കവർച്ചയിൽ ഭാഗഭാക്കുകളായ 2 മുതൽ 5 വരെയുള്ള പ്രതികളായ ക്രിസ്ത്യൻ, വിക്ടർസ, ബോഗ്ദീൻ, ഫ്‌ളോറിയൻ എന്നിവരാണ് ഒളിവിൽ പോയത്.ഇവർക്കെതിരെ കോടതി ഉത്തരവ് പ്രകാരം വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടീസും റെഡ് കോർണർ നോട്ടീസും നൽകിയിട്ടുണ്ട്. 2016 ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പമായ സംഭവം നടന്നത്. ബാങ്കിന്റെ 60 ഇടപാടുകാരാണ് തട്ടിപ്പിനിരയായത്. ബാങ്ക് ഇടപാടുകാരെയും ബാങ്ക് അധികൃതരെയും ഒരു പോലെ ഞെട്ടിച്ച സംഭവമായിരുന്നു തലസ്ഥാന നഗരത്തിൽ നടന്ന തട്ടിപ്പ്.

വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തിയ 6 അംഗ റുമേനിയൻ കൊള്ള സംഘം തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ എ.ടി.എമ്മിൽ പ്രത്യേകതരം ഉപകരണം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മിനകത്ത് സ്ഥാപിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ഇടപാടുകാരുടെ എ.റ്റി.എം. കാർഡ് വിവരങ്ങളും രഹസ്യ പിൻ നമ്പരും ശേഖരിച്ച ശേഷം മുംബൈയിലെ എ.റ്റി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കാണിച്ച് ഇടപാടുകാർ പരാതി നൽകിയതോടെയാണ് വൻ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. അക്കൗണ്ട് ഉടമകളായ 60 പേരാണ് പരാതിയുമായി രംഗത്തെത്തിയത്.