- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യഗായത്രി കൊലക്കേസ് വിചാരണ ബുധനാഴ്ച മുതൽ; പ്രതി അരുൺ 20 കാരിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന്
തിരുവനന്തപുരം: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരൻ 32 തവണ കുത്തി മൃഗീയമായി കൊലപ്പെടുത്തിയ നെടുമങ്ങാട് കരിപ്പൂര് സൂര്യഗായത്രി കൊലക്കേസ് വിചാരണ നാളെ മുതൽ ആരംഭിക്കും. നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് - വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു മുമ്പാകെ ഇന്നാരംഭിക്കുന്നത്.
പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുൺ (20) ആണ് കേസിലെ പ്രതി. ജാമ്യപേക്ഷ നിരസിച്ചതിനാൽ തിരുവനന്തപുരം ജില്ലാ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ് പ്രതി. പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
88 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു.
മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുൺ കുത്തി. സൂര്യയുടെ തലമുതൽ കാൽ വരെ 33 ഇടങ്ങളിലാണ് അരുൺ കുത്തിയത്.തല ചുമരിൽ ഇടിച്ച് പലവട്ടം മുറിവേൽപ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാൾ വീണ്ടും വീണ്ടും കുത്തി. സൂര്യയുടെ പിതാവ് ശിവദാസന്റെ നിലവിളി ഉയർന്നതോടെ അരുൺ ഓടി. അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ മറ്റൊരു വീടിന്റെ ടെറസ്സിലേക്ക് ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പൊലീസും ചേർന്ന് അരുണിനെ പിടിച്ചത്.
സൂര്യയെ കുത്തുന്നതിനിടയിൽ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുൺ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാൻശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുൺ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാൾ ചവിട്ടി താഴെതള്ളിയിട്ട് മർദിച്ചു.
തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങൾ തകർത്ത കുത്തുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്.
സംഭവത്തിനും രണ്ട് വർഷം മുമ്പ് അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. ഭർത്താവുമായി പിണങ്ങിയ സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയോടൊപ്പം താമസമാക്കി. ഇതറിഞ്ഞാണ് പേയാട് നിന്നും അരുൺ നെടുമങ്ങാട് കരിപ്പൂർ സൂര്യയുടെ വീട്ടിലെത്തിയത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്