തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പൻ എന്ന ആറ്റിങ്ങൽ ബിജു പ്രതിയായ കടക്കാവൂർ മണിക്കുട്ടൻ കൊലക്കേസ് വിചാരണ തീയതി മാർച്ച് 3 ന് കോടതി പ്രഖ്യാപിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്. കൊലക്കേസിൽ ജാമ്യമനുവദിച്ചിട്ടുണ്ട്. മെഡിക്കൽ ഗ്രൗണ്ടിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്.

ജാമ്യക്കാരെ ഹാജരാക്കി ജാമ്യ ബോണ്ട് എക്‌സിക്യൂട്ട് ചെയ്യാൻ തലസ്ഥാനത്തെ വിചാരണക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി വിവിധ ഘട്ടങ്ങളിൽ പ്രതി സമർപ്പിച്ച മൂന്നു ജാമ്യ ഹർജികളും തള്ളിയിരുന്നു. പ്രതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാനും വിചാരണ കോടതി ഉത്തരവിട്ടു.

വിചാരണ തീരാതെ പ്രതി ഇനി പുറം ലോകം കാണണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ജാമ്യം നിരസരിച്ചത്. മറ്റു11 കേസുകളിൽ ജാമ്യം ലഭിച്ചിട്ടും ഈ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പ്രതിക്ക് പുറത്തിറങ്ങാനായിരുന്നില്ല. നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി ദീർഘകാലം ഒളിവിൽ കഴിഞ്ഞ പ്രതി ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ സെഷൻസ് ജഡ്ജി എൽ. ജയവന്താണ് ഉത്തരവിട്ടത്.

നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കോടതിയിൽ ഹാജരാകാതെ ദീർഘകാലം ഒളിവിൽ കഴിഞ്ഞ പ്രതിയെ അനവധി കേസുകളിൽ വിചാരണ ചെയ്യാനിരിക്കെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ ശിക്ഷ ഭയന്ന് വീണ്ടും ഒളിവിൽ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണയിൽ മൊഴി തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് മൂന്നാം ജാമ്യ ഹർജിയും തള്ളിയത്. മൂന്നാം തവണയാണ് പ്രതിയുടെ ജാമ്യഹർജി കോടതി തള്ളിയത്. സെപ്റ്റംബറിൽ മുൻ ജാമ്യഹർജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.