തിരുവനന്തപുരം : കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ വിചാരണ തുടങ്ങി. ചീഫ് വിസ്താരം പൂർത്തിയായതിനാൽ ഒന്നാം സാക്ഷിയെ മാർച്ച് 3 ന് ക്രോസ് വിസ്തരിക്കാൻ കോടതി ഉത്തരവിട്ടു. ഭൂവുടമയായ താൻ അറിയാതെ 2006 ൽ പ്രതികൾ വ്യാജ ആധാരം ചമച്ചും പോക്കുവരവ് ചെയ്തും തന്റെ വസ്തു തട്ടിയെടുത്തതായി പരാതിക്കാരായ സഹോദരങ്ങളിൽ ഒരാളായ മോഹനചന്ദ് കോടതിയിൽ മൊഴി നൽകി.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താര വിചാരണയിലാണ് ഒന്നാം സാക്ഷിയായ മോഹനചന്ദിനെ വിസ്തരിച്ചത്. ചീഫ് വിസ്താരം പൂർത്തിയായതിനെ തുടർന്ന് ക്രോസ് വിസ്താരത്തിന് പ്രതികൾ സമയം തേടിയതിനാൽ സാക്ഷിയെ മാർച്ച് 3 ന് ക്രോസ് വിസ്താരം ചെയ്യാൻ പ്രതികളോട് സിജെഎം കെ. വിദ്യാധരൻ ഉത്തരവിട്ടു.

സഹോദരങ്ങളായ പ്രേംചന്ദ്, രമാദേവി , മോഹനചന്ദ് എന്നിവരുടെ വസ്തുക്കൾ തട്ടിയെടുത്ത കേസിലാണ് വിചാരണ ആരംഭിച്ചത്. കേസിൽ വില്ലേജാഫീസറടക്കമുള്ള പ്രതികൾക്ക് മേൽ വിചാരണക്ക് മുന്നോടിയായി കോടതി കുറ്റം ചുമത്തിയിരുന്നു. സാക്ഷി വിസ്താര വിചാരണക്കായി 4 പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാനും കോടതി സിബിഐയോട് ഉത്തരവിട്ടു. കേസ് ചാർജിങ് ഓഫീസറായ സി ബി ഐ എസ്‌പി. യോട് കോടതി ഉത്തരവിട്ടത്.