തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് എഴുതിത്ത്തള്ളിയ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ വിചാരണ വിലക്കിയ ഹൈക്കോടതി സ്റ്റേ നീട്ടിയ ഉത്തരവുണ്ടെങ്കിൽ മാർച്ച് 4 ന് ഹാജരാക്കാൻ വിചാരണകോടതി ഉത്തരവിട്ടു.

കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷടക്കം മൂന്നു പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നൽകിയ വേളയിൽ പ്രതികൾ ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് നേടുകയായിരുന്നു.

ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന പ്രതികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. കഴിഞ്ഞ ഡിസംബർ 8 ന് ഹാജരാകാൻ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. വീണ്ടും സാവകാശം തേടിയതിനാണ് അന്ത്യശാസനം നൽകിയത്. 1 മുതൽ 3 വരെ പ്രതികളായ രതീഷ് , ഐ.എൻ.റ്റി.യു.സി നേതാവ് ഇ.ചന്ദ്രശേഖരൻ , കശുവണ്ടി കരാറുകാരൻ ജെയ്‌മോൻ ജോസഫ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.