തിരുവനന്തപുരം: തലസ്ഥാനത്തെ ബിൽഡറെ വഞ്ചിച്ച് അരക്കോടി രൂപ കവർന്ന സോളാർ തട്ടിപ്പ് കേസിൽ 2 സാക്ഷികൾക്ക് അറസ്റ്റ് വാറണ്ട്. സാക്ഷികളെ മാർച്ച് 2 ന് ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടർക്ക് അന്ത്യശാസനം നൽകി.

ടീം സോളാർ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ആർ.ബി.നായർ എന്ന് ആൾമാറാട്ടം നടത്തിയ ബിജു രാധാകൃഷ്ണൻ (50) , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലക്ഷ്മി നായരെന്ന് ആൾമാറാട്ടം നടത്തിയ സരിത എസ്.നായർ ( 41) എന്നിവരാണ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന രണ്ട് പ്രതികൾ. 4 സാക്ഷികളെ ഇതിനോടകം കോടതി വിസ്തരിച്ചിരുന്നു.

തലസ്ഥാന നഗരത്തിലെ കേശവദാസപുരം ഗ്രാന്റ് ടെക് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന കെട്ടിട നിർമ്മാണ കമ്പനി എം. ഡിയും ഉടമയുമായ സലിം. എം. കബീറാണ് തട്ടിപ്പിനിരയായത്. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം കരസ്ഥമാക്കി ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ വൈദ്യുതി ബോർഡിന്റെ അമിത ബിൽ തുക കുറക്കാൻ ബിൽഡറുടെ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിട സമുച്ചയങ്ങളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോ. ആർ.ബി. നായരെന്നും ലക്ഷ്മി നായരെന്നും ആൾമാറാട്ടം നടത്തിയും വ്യാജ രേഖകൾ കാട്ടിയും തെറ്റിദ്ധരിപ്പിച്ച് സലിമിൽ നിന്നും നാൽപ്പത് ലക്ഷത്തി അമ്പതിനായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി മാറിയെടുത്ത ശേഷം വാഗ്ദാനം ചെയ്ത സോളാർ പ്ലാന്റ് സ്ഥാപിച്ചു നൽകുകയോ പണം തിര്യെ നൽകുകയോ ചെയ്യാതെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.

2009 ൽ സലിമിന്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസാണ് കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി 2013 ഒക്ടോബർ 17 നാണ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120- ബി (കുറ്റകരമായ ഗൂഢാലോചന), 419 (ആൾമാറാട്ടം വഴി ചതിക്കൽ), 420 ( വഞ്ചന ), 467 (മൂല്യമുള്ള ഈടിന്റെ വ്യാജ നിർമ്മാണം), 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ), 472 (കപടാനുകരണം നടത്തി ഉണ്ടാക്കിയ മുദ്ര കൈവശം വെക്കൽ), 434 ( കൂട്ടായ്മ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് വിചാരണ നടക്കുന്നത്.