- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യഗായത്രി കൊലക്കേസ്: ഓടിയ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെന്ന് സാക്ഷി; മൊഴി നൽകിയത് തിരുവനന്തപുരം അഡീ.ജില്ലാ സെഷൻസ് കോടതിയിൽ
തിരുവനന്തപുരം : സൂര്യഗായത്രിയെ കുത്തി വീഴ്‌ത്തിയ പ്രതി അവിടെ നിന്ന് ഇറങ്ങി ഓടി അയൽ വീട്ടിലെ ടെറസിൽ ഒളിച്ചപ്പോൾ താനും സുഭാഷും ജോണിയും കൂടിയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചതെന്ന് സാക്ഷിയായ വിഷ്ണു കോടതിയിൽ മൊഴി നൽകി. നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാകോണം സ്വദേശിനി കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അയൽവാസിയാണ് വിഷ്ണു. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവിനോടായിരുന്നു കരിപ്പൂർ സ്വദേശി വിഷ്ണു മൊഴി നൽകിയത്.
സൂര്യഗായത്രിയുടെ അച്ഛന്റെ നിലവിളി കേട്ടാണ് തങ്ങൾ ഓടി എത്തിയതെന്നും,വീട്ടിൽ കയറി നോക്കുമ്പോൾ സൂര്യഗായത്രിയും ചലനശേഷിയില്ലാത്ത അമ്മയും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടെന്നും സമീപത്ത് ഒരു കത്തി കിടക്കുന്നത് കണ്ടെന്നും സാക്ഷി മൊഴി നൽകി. സൂര്യഗായത്രിയെ കുത്തിയ ശേഷം പ്രതി ഓടിയെന്ന് പറഞ്ഞ് കേട്ട ഭാഗത്തേയ്ക്ക് ചെന്നപ്പോഴാണ് സമീപത്തെ ടെറസിന് മുകളിൽ പ്രതി പതുങ്ങി ഇരിക്കുന്നത് കണ്ടത്.
പ്രതിയെ പൊലീസിൽ ഏൽപ്പിച്ച ശേഷം സൂര്യഗായത്രിയെ ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴി ആരാണ് കുത്തിയതെന്ന് ചോദിച്ചപ്പോൾ പേയാട് സ്വദേശി അരുണാണെന്നും അയാളെ വിവാഹം കഴിക്കാത്തതുകൊണ്ടാണ് കുത്തിയതെന്നും സൂര്യഗായത്രി പറഞ്ഞതായി സാക്ഷി കോടതിയെ അറിയിച്ചു. പരിക്ക് ഗുരുതരമായതിനാൽ സൂര്യഗായത്രിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ബന്ധുവായ ചന്ദ്രബാബു മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ട് പോയി. അല്പ സമയം കഴിഞ്ഞ് പ്രതി അരുണിനെ താലൂക്ക് ആശുപത്രിയിൽ കൊണ്ട് വന്നു. അവിടെ വച്ച് എന്തിനാണ് സൂര്യയെ കുത്തിയതെന്ന് ചോദിച്ചപ്പോൾ തനിക്ക് കല്യാണം കഴിച്ച് തരാത്തതുകൊണ്ടാണ് കുത്തിയതെന്ന് അരുൺ തന്നോട് പറഞ്ഞെന്നും സാക്ഷി മൊഴി നൽകി.
ബഹളം കേട്ട് പുറത്ത് വന്നപ്പോൾ പ്രതി അരുണിനെ വിഷണുവും കൂട്ടരും പിടിച്ച് കൊണ്ട് വരുന്നത് കണ്ടതായി മറ്റൊരു അയൽവാസിയായ ഷൈലയും കോടതിയിൽ മൊഴി നൽകി. 2021 ഓഗസ്റ്റ് 31 നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. ലോട്ടറി വിൽപ്പനക്കാരും ഭിന്നശേഷിക്കാരുമായ മാതാപിതാക്കളുടെ ഏക മകളാണ് കൊല്ലപ്പെട്ട സൂര്യഗായത്രി. ക്രിമനൽ പശ്ചാത്തലമുള്ള അരുണിന് സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകിയില്ലെന്ന് ആരോപിച്ചാണ് അരുൺ സൂര്യഗായത്രിയെ 33 കുത്ത് കുത്തി കൊലപ്പെടുത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്