തിരുവനന്തപുരം: കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് സെബിൻ സ്റ്റാലിൻ പ്രതിയായ ബുള്ളറ്റ് മോഷണക്കേസിൽ 5 സാക്ഷികൾക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. 2018 ൽ സിറ്റിയിൽ നടന്ന ബുള്ളറ്റ് മോഷണക്കേസിൽ സാക്ഷിമൊഴി നൽകാൻ എത്താത്തതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് സെബിൻ സ്റ്റാലിന് മ്യൂസിയം ബുള്ളറ്റ് ബൈക്ക് മോഷണക്കേസിൽ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി നേരത്തേ തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. കാട്ടാക്കട മാറനല്ലൂർ തൂങ്ങാംപാറ സോണി പൗൾട്രി ഫാം റോസ് വില്ലയിൽ നിന്നും ഇപ്പോൾ പുളിയറക്കോണത്ത് താമസം സ്റ്റാലിൻ മകൻ സെബിൻ സ്റ്റാലിനെ (27) യാണ് കോടതി ശിക്ഷിച്ചത്. 6 മാസം കഠിന തടവും അയ്യായിരം രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം വഴുതക്കാട് ബുള്ളറ്റ് മോഷണ കേസിൽ സെബിൻ കുറ്റക്കാരനെന്ന് കണ്ട് ഒരു വർഷം കഠിന തടവു ശിക്ഷ അനുഭവിക്കാനും അയ്യായിരം രൂപ പിഴ ഒടുക്കാനും ഇതേ കോടതി ശിക്ഷ വിധിച്ചിരുന്നു.

സിറ്റി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനുള്ളിൽ നിന്നും മോഷ്ടിച്ച എൻഫീൽഡ് ബുള്ളറ്റുമായി സഞ്ചരിക്കവേ തമ്പാനൂർ പൊലീസിന്റെ വാഹന പരിശോധനയിൽ സെബിൻ 2019 ജൂലൈ 6 ന് പിടിയിലായിരുന്നു. തമ്പാനൂർ സ്റ്റേഷനിൽ ഫിംഗർ പ്രിന്റെടുക്കവേ ജി ഡി ചാർജിനെ പിടിച്ചു തള്ളി മതിൽ ചാടി രക്ഷപ്പെട്ട പ്രതിയെ വഴുതക്കാട് ആൽത്തറ ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലാണ് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.

2019 ജൂണിലാണ് മ്യൂസിയം എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് മോഷണം നടന്നത്. 2019 ഓഗസ്റ്റ് 14നാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 379 ( മോഷണം) എന്ന വകുപ്പു പ്രകാരമുള്ള കുറ്റം പ്രതി ചെയ്തുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ഗൗരവമേറിയ കുറ്റം ചെയ്ത 18 വയസ്സിന് മുകളിൽ പ്രായമുള്ള പ്രതിക്ക് പ്രൊബേഷൻ ഓഫന്റേഴ്‌സ് (നല്ലനടപ്പിന് ശിക്ഷിക്കൽ) നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ നിന്നും യമഹ ബൈക്ക് മോഷ്ടിച്ച കേസിന്റെ വിചാരണ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നടന്നുവരികയാണ്.