തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നെടുമങ്ങാട് മീരാ കൊലക്കേസിൽ പ്രതികളെ മാർച്ച് 25 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. 105-ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ അന്നേ ദിവസം ഹാജരാകാൻ കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്‌പിയെ സാക്ഷിയായി വിസ്തരിക്കുന്നതിലേക്കായാണ് വിളിച്ചു വരുത്തുന്നത്. ഇതോടെ നാടിനെ നടുക്കിയ അരുംകൊലപാതകക്കേസിന്റെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താര വിചാരണ പൂർത്തിയാകും.

2019 ജൂൺ 30 മുതൽ ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന പ്രതികളായ അമ്മയ്ക്കും കാമുകനും വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിരസിച്ചിരുന്നു. ഒന്നാം പ്രതി നെടുമങ്ങാട് കരിപ്പൂർ കാരാന്തല കുരിശടി മുക്കിന് സമീപം താമസിച്ചിരുന്ന അനീഷ് (29) , ഇയാളുടെ കാമുകിയും കൊല്ലപ്പെട്ട മീര (16) യുടെ മാതാവുമായ രണ്ടാം പ്രതി നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ (34) എന്നീ പ്രതികൾക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.

പ്രതികളെ കൽതുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും പൈശാചികവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. രണ്ടു പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് 2019 ജൂൺ 30 മുതൽ റിമാന്റ് പ്രതികളായും തുടർന്ന് വിചാരണ തടവുകാരായും പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ്.