തിരുവനന്തപുരം : ചട്ടം ലംഘിച്ച് മെഡിക്കൽ സ്റ്റോറിൽ ഇംഗ്ലീഷ് മരുന്ന് വിൽപന നടത്തിയ കേസിൽ തലസ്ഥാന നഗരിയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പുടമക്കെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി കേസെടുത്തു. മെഡിക്കൽ ഷോപ്പുടമയും രജിസ്റ്റേഡ് ഫാർമസിസ്റ്റുമായ സുരേന്ദ്ര സിംഗിനെതിരെയാണ് കോടതി കേസെടുത്തത്. പ്രതി ജൂൺ 19 ന് കോടതിയിൽ നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ ഓഫീസിലെ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 190 , 200 പ്രകാരം ഫയൽ ചെയ്ത പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്.

2018 ജൂലൈ 17 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രഗ്‌സ് ഇൻസ്‌പെക്ടറുടെ പരിശോധനയിൽ നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ രജിസ്റ്റേഡ് ഫാർമസിസ്റ്റായ പ്രതിയെ കണ്ടെത്തിയില്ല. തുടർ പരിശോധനയിൽ പ്രതി ഒരേ സമയം ബാലരാമപുരം സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ സ്റ്റോർ , വലിയ വേളി മെഡിക്കൽ ഷോപ്പ് , എറണാകുളം ഇടപ്പള്ളിയിലെ മെഡിക്കൽ ഷോപ്പ് , മഹാരാഷ്ട്രയിലെ പൂണെയിലുള്ള ഫാർമസി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നതായിട്ടുള്ള പ്രാമാണിക തെളിവുകൾ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ മേൽനോട്ട അഭാവത്തിൽ എല്ലായിടത്തും ഫാർമസി കോഴ്‌സ് പോലും പഠിക്കാത്ത യുവതീയുവാക്കളാണ് മരുന്ന് വിൽപ്പന നടത്തുന്നതെന്നും ഡ്രഗ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഡ്രഗ്‌സ് കൺട്രോളിങ് വിഭാഗം ' കണ്ടെത്തി.

തുടർന്ന് രേഖാമൂലമുള്ള തെളിവുകൾ പിടിച്ചെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കി. ഡ്രഗ്‌സ് ' ഷെഡ്യൂൾ എച്ച് ' ഇനത്തിൽപ്പെട്ട മരുന്നുകൾ വാങ്ങിയതിന്റെയും വിൽപ്പന നടത്തിയതിന്റെയും തെളിവുകൾ ഉൾക്കൊള്ളുന്ന നിർണ്ണായക റെക്കോർഡുകളും രേഖകളും കോടതിയിൽ ഹാജരാക്കി. വിൽപ്പന റെക്കോർഡ്‌സ് പരിപാലിക്കാതെയും ബില്ലില്ലാതെയും മരുന്ന് വിൽപ്പന നടത്തിയതായും കണ്ടെത്തി.

1940 ൽ നിലവിൽ വന്ന ഡ്രഗ്‌സ് ആൻഡ് കോസ് മെറ്റിക്‌സ് നിയമത്തിലെ 27 (ഡി ) , 32 എന്നീ വകുപ്പുകൾ ചുമത്തിയും 1945 ൽ നിലവിൽ വന്ന ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങളിലെ 65 ( 1 ) , ( 3 ) , ( 4 ) എന്നീ ചട്ടങ്ങൾ ചുമത്തിയുമാണ് കോടതി പ്രതിക്കെതിരെ കേസെടുത്തത്. കുറ്റ സ്ഥാപനത്തിന്മേൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷാർഹമായ കുറ്റമാണ് പ്രതിക്ക് മേൽ ചുമത്തി കോടതി കേസെടുത്തിട്ടുള്ളത്.