തിരുവനന്തപുരം : ബി. എസ്. എൻ. എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. നിരവധി പേരിൽ നിന്ന് വൻതുക തട്ടിയെടുത്തവരാണ് തട്ടിപ്പുകാർ. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് ജാമ്യ ഹർജികൾ പരിഗണിച്ചത്.

കേസിൽ അറസ്റ്റിലായ ഏക പ്രതി വെള്ളായണി വിവേകാന്ദ നഗർ ഗുരുകൃപ വീട്ടിൽ കെ. വി. പ്രദീപ് കുമാറിന്റെ ജാമ്യഹർജിയും, കുമാരപുരം അമിതാ ശങ്കർ നഗർ പ്രാർത്ഥനയിൽ കെ.വി. പ്രസാദ് രാജ്, മെഡിക്കൽകോളേജ് ഹൈസ്‌കൂൾ ലെയിൻ സായിപ്രഭയിൽ മനോജ് കൃഷ്ണ, പത്തനംതിട്ട ഇടയാഠി സ്‌കൂളിന് സമീപം കിഴക്കേകര വീട്ടിൽ അനിൽകുമാർ, ശ്രീകാര്യം ഗാന്ധിപുരം ചെറുവള്ളി ലെയിൻ ഇന്ദീവരത്തിൽ മിനിമോൾ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്.

തട്ടിപ്പിന് ഇരയാകുന്നവരുടെ കുട്ടികളെ അവർക്ക് സ്‌കൂളിൽ അയക്കാൻ കഴിയുന്നില്ല, അവർ ഭക്ഷണത്തിനും വസ്ത്രത്തിനുമായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുകയോ മോഷണം നടത്തുകയോ ചെയ്യണമെന്ന സ്ഥിതി കോടതിക്ക് അനുവദിക്കാനാകില്ലെന്നുള്ള 'ഷംഷൂൽ അലംഖാൻ' കേസിലെ സുപ്രീം കോടതി വിധിന്യായം വായിച്ചാണ് പ്രോസിക്യൂട്ടർ ജാമ്യ ഹർജിയെ ശക്തമായി എതിർത്തത്. മുൻകൂർ ജാമ്യ ഹർജികളിൽ കോടതി ബുധനാഴ്ച വിധി പറയും. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെ. വി. പ്രദീപ് കുമാറിന്റെ ജാമ്യ ഹർജിയിൽ വ്യാഴാഴ്ച വിധി പറയും.