- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം : ഇരുന്നൂറിലേറെ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ബി. എസ്. എൻ. എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം ഭാരവാഹികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനാകൂ എന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
സംഘം ഭരണസമിതി അംഗങ്ങളായ കുമാരപുരം അമിതാ ശങ്കർ നഗർ പ്രാർത്ഥനയിൽ കെ.വി. പ്രസാദ് രാജ്, മെഡിക്കൽകോളേജ് ഹൈസ്‌കൂൾ ലെയിൻ സായിപ്രഭയിൽ മനോജ് കൃഷ്ണ, പത്തനംതിട്ട ഇടയാഠി സ്‌കൂളിന് സമീപം കിഴക്കേകര വീട്ടിൽ അനിൽകുമാർ, ശ്രീകാര്യം ഗാന്ധിപുരം ചെറുവള്ളി ലെയിൻ ഇന്ദീവരത്തിൽ മിനിമോൾ എന്നിവരാണ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നത്.
2000 ത്തോളം നിക്ഷേപകരെ കബളിപ്പിച്ച് അവർക്ക് വ്യാജ രസീതുകൾ നൽകി 200 കോടിയിലധികം രൂപ തട്ടിയെടുത്തതായി നിലവിലെ അന്വേഷണത്തിൽ ബോധ്യമായെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതുവരെ ജോലി ചെയ്ത കിട്ടിയ ആകെ സമ്പാദ്യം തങ്ങൾ ജോലിചെയ്ത സ്ഥാപനത്തിന്റെ പേരിലുള്ള സഹകരണ സംഘത്തിൽ നിക്ഷേപിച്ചത് നിക്ഷേപകർക്കുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്.
'തട്ടിപ്പിന് ഇരയാകുന്നവരുടെ കുട്ടികളെ അവർക്ക് സ്‌കൂളിൽ അയക്കാൻ കഴിയുന്നില്ല, അവർ ഭക്ഷണത്തിനും വസ്ത്രത്തിനുമായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുകയോ മോഷണം നടത്തുകയോ ചെയ്യണമെന്ന സ്ഥിതി കോടതിക്ക് അനുവദിക്കാനാകില്ലന്നുള്ള' 'ഷംഷൂൽ അലംഖാൻ' കേസിലെ സുപ്രീം കോടതി വിധിന്യായം വായിച്ചാണ് പ്രോസിക്യൂട്ടർ ജാമ്യ ഹർജിയെ ശക്തമായി എതിർത്തത്.
നിക്ഷേപകരെ പറ്റിച്ച് തട്ടിയെടുത്ത പണം കൊണ്ട് സഹകരണ സംഘം ഭാരവാഹികൾ കോടികളുടെ വസ്തുക്കൾ വാങ്ങി കൂട്ടിയിട്ടുണ്ട്. മറ്റെവിടെയെല്ലാം തട്ടിയെടുത്ത പണം വിനയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കിട്ടണമെന്നായിരുന്നു സർക്കാരിന്റെ മുഖ്യ ആവശ്യം. ഇത് ഫലത്തിൽ കോടതിയും അംഗീകരിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെ. വി. പ്രദീപ് കുമാറിന്റെ ജാമ്യ ഹർജിയിൽ നാളെ (വ്യാഴാഴ്ച) വിധി പറയും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്