- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ടി.ഡി.എഫ്.സി ഭവനവായ്പ തട്ടിപ്പ്: രാജശ്രീ അജിത്ത് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: കെ.ടി.ഡി.എഫ്.സി ഭവനവായ്പ അഴിമതി കേസിൽ മുൻ എം.ഡി രാജശ്രീ അജിത്ത് ഉൾപ്പടെ ഏഴുപേരെ പ്രതിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചു.
കെ.ടി.ഡി.എഫ്.സി മുൻ സാമ്പത്തികവിഭാഗം ചീഫ് മാനേജർ പി. നിർമലദേവി, മുൻ അഡ്മിനിസ്ട്രേറ്റർ ശ്രീകുമാരൻ നായർ, എം.ഡിയുടെ പി.എ അജിതകുമാരി, മുൻ സീനിയർ അസിസ്റ്റന്റ് ശാലിനിദേവി, മുൻ കമ്പനി സെക്രട്ടറി ഹരികൃഷ്ണൻ, മുൻ നിയമോപദേശകൻ വഴുതക്കാട് നരേന്ദ്രൻ, രാജശ്രീയുടെ ഭർത്താവ് അജിത്കുമാർ എന്നിവരാണ് കേസിലെ പ്രതികൾ.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾക്കുപുറമെ അഴിമതിനിരോധന നിയമപ്രകാരമുള്ള വകുപ്പുകളുമാണ് കുറ്റപത്രത്തിലുള്ളത്. 2005ൽ കെ.ടി.ഡി.എഫ്.സി നടപ്പാക്കിയ ഐശ്വര്യഗൃഹ എന്ന ഭവനവായ്പപദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തി കെ.ടി.ഡി.എഫ്.സിക്ക് 76,33,893 രൂപയുടെ നഷ്ടം വരുത്തി എന്നാണ് വിജിലൻസ് കേസ്.
രാജശ്രീ അജിത്ത് കെ.ടി.ഡി.എഫ്.സിയുടെ എം.ഡി ആയിരുന്ന 1996-2008 കാലഘട്ടത്തിൽ ഇവരുടെ ഭർത്താവും എട്ടാം പ്രതിയുമായ അജിത്കുമാറിെന്റ തൈക്കാടുള്ള 17.25 സെന്റ് വസ്തു ഈടുവെച്ച് 46 ലക്ഷം രൂപ വായ്പ അനുവദിച്ചു. എന്നാൽ, ഈ വസ്തു തന്നെ മുമ്പ് ഈടു വച്ച് 1995ൽ കോഴിക്കോട്ടെ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 75 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ഈ കേസിൽ കൊച്ചിയിലെ ട്രിബ്യൂണൽ കോടതിയിൽ നിയമനടപടികൾ നിലനിൽക്കുമ്പോഴാണ് ഈ കാര്യം മറച്ചുവെച്ച് കെ.ടി.ഡി.എഫ്.സിയിൽനിന്ന് ഭവന വായ്പ അനുവദിച്ചുനൽകിയത്. ഇതിന്റെ നിയമവശം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ച് കെ.ടി.ഡി.എഫ്.സി മുൻ നിയമ ഉപദേശകൻ വഴുതക്കാട് നരേന്ദ്രൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു എന്നാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്