- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ടി.ഡി.എഫ്.സി ഭവനവായ്പ തട്ടിപ്പ്: രാജശ്രീ അജിത്ത് ഉൾപ്പെടെ ഏഴ് പേരെ ഹാജരാക്കണം; കോടതി ഉത്തരവ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ
തിരുവനന്തപുരം: കെ.ടി.ഡി.എഫ്.സി ഭവനവായ്പ അഴിമതി കേസിൽ മുൻ എം.ഡി രാജശ്രീ അജിത്തുൾപ്പെടെ ഏഴു പ്രതികളെ ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണുത്തരവ്. പ്രതികളെ ഏപ്രിൽ 17ന് ഹാജരാക്കാൻ വിജിലൻസ് എസ് പിയോടാണ് കോടതി ഉത്തരവിട്ടത്.
കെ.ടി.ഡി.എഫ്.സി മുൻ സാമ്പത്തികവിഭാഗം ചീഫ് മാനേജർ പി. നിർമലദേവി, മുൻ അഡ്‌മിനിസ്ട്രേറ്റർ ശ്രീകുമാരൻ നായർ, എം.ഡിയുടെ പി.എ അജിതകുമാരി, മുൻ സീനിയർ അസിസ്റ്റന്റ് ശാലിനിദേവി, മുൻ കമ്പനി സെക്രട്ടറി ഹരികൃഷ്ണൻ, മുൻ നിയമോപദേശകൻ വഴുതക്കാട് നരേന്ദ്രൻ, രാജശ്രീയുടെ ഭർത്താവ് അജിത്കുമാർ എന്നിവരാണ് വിജിലൻസ് കേസിലെ 1 മുതൽ 7 വരെയുള്ള പ്രതികൾ.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 420 ( ചതിക്കലും വിശ്വാസ വഞ്ചനയും) , 467 (വ്യാജരേഖ ചമയ്ക്കൽ),120 ബി ( കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളും അഴിമതിനിരോധന നിയമത്തിലെ 13 (1 )(ഡി), 13 (2) (പൊതുസേവകൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളായ സ്വകാര്യ വ്യക്തികൾക്ക് അവിഹിത മാർഗ്ഗത്തിലൂടെ അനർഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കി നൽകൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് കലണ്ടർ കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.
2005ൽ കെ.ടി.ഡി.എഫ്.സി നടപ്പാക്കിയ ഐശ്വര്യ ഗൃഹ എന്ന ഭവന വായ്പപദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തി കെ.ടി.ഡി.എഫ്.സിക്ക് 76,33,893 രൂപയുടെ നഷ്ടം വരുത്തി എന്നാണ് വിജിലൻസ് കേസ്. രാജശ്രീ അജിത്ത് കെ.ടി.ഡി.എഫ്.സിയുടെ എം.ഡി ആയിരുന്ന 1996-2008 കാലഘട്ടത്തിൽ ഇവരുടെ ഭർത്താവും എട്ടാം പ്രതിയുമായ അജിത്കുമാറിന്റെ തൈക്കാടുള്ള 17.25 സെന്റ് വസ്തു ഈടുവെച്ച് 46 ലക്ഷം രൂപ വായ്പ അനുവദിച്ചു.
എന്നാൽ, ഈ വസ്തുതന്നെ മുമ്പ് ഈടു വെച്ച് 1995ൽ കോഴിക്കോട്ടെ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 75 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ കേസിൽ കൊച്ചിയിലെ ട്രിബ്യൂണൽ കോടതിയിൽ നിയമനടപടികൾ നിലനിൽക്കുമ്പോഴാണ് ഈ കാര്യം മറച്ചുവെച്ച് കെ.ടി.ഡി.എഫ്.സിയിൽനിന്ന് ഭവന വായ്പ അനുവദിച്ചുനൽകിയത്. ഇതിന്റെ നിയമ വശം അറിയാമായിരുന്നിട്ടും അത് മറച്ചു വെച്ച് കെ.ടി.ഡി.എഫ്.സി മുൻ നിയമ ഉപദേശകൻ വഴുതക്കാട് നരേന്ദ്രൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു എന്നാണ് വിജിലൻസ് കുറ്റപത്രം. 2023 മാർച്ച് 1 നാണ് കോടതിയിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്