തിരുവനന്തപുരം: നഗരത്തിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മുളകു പൊടി സുനിയും 3 യുവതികളുമടക്കം അഞ്ചു പ്രതികൾ കഞ്ചാവ് വിറ്റ കേസിൽ രണ്ടാം പ്രതി നാസിമുദീനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും തലസ്ഥാന വിചാരണ കോടതി പുറപ്പെടുവിച്ചു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യക്കാർക്കെതിരെ സ്വമേധയാ കേസെടുത്ത കോടതി നാസിമുദിന്റെ ജാമ്യക്കാർ മെയ് 3 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു.

2019 ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടു കിലോ കഞ്ചാവുമായി ഓട്ടോയിൽ സഞ്ചരിക്കവേയാണ് അഞ്ചംഗ സംഘം പിടിയിലായത്. ആനാവൂർ കരിക്കാമൻകോട് മുളകുപൊടി സുനി എന്ന സുനിൽ (35), പെരുമാതുറ മാടൻവിള നാസിമുദീൻ (39), വർക്കല മാടൻവിളയിൽ രഹീസാ ബീവി (42), വർക്കല പുന്നമൂട് മുബീന (60), മുബീനയുടെ മകൾ അമൽ ഷാ (42) എന്നിവരാണ് കേസിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾ.

നഗരത്തിൽ സ്ഥിരമായി കഞ്ചാവെത്തിക്കുന്ന സംഘം പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണിൽപ്പെടാതിരിക്കാനായി സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബം എന്ന് തോന്നത്തക്ക രീതിയിലാണ് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിക്കൊണ്ടിരുന്നത്. വാഹനത്തിൽ സ്ത്രീകളും കുട്ടികളും ഉള്ളതിനാൽ സൂക്ഷ്മ പരിശോധനയിൽ നിന്നും ഒഴിവാകുമെന്ന ധാരണയിലാണ് കച്ചവടം നടത്തിയിരുന്നത്.

സ്‌പെഷ്യൽ ബ്രാഞ്ച് എ സി പി പ്രമോദ് കുമാറും നേമം സിഐയും ഷാഡോ പൊലീസും ചേർന്നാണ് പ്രതികളെ കുടുക്കിയത്. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പ് 20 ബി , 29 (1) പ്രകാരം സെഷൻസ് കേസെടുത്ത കോടതി പ്രതികളെ ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു.