തിരുവനന്തപുരം: ഐ.ടി. സ്ഥാപനങ്ങളിൽ നിയമനം വാഗ്ദാനം ചെയ്ത് ബി-ടെക് ബിരുദധാരികളെയും ഡിപ്ലോമ ക്കാരെയും ചതിച്ച് 6 കോടിയോളം രൂപ വഞ്ചിച്ചെടുത്ത 'ആര്യൻസ് ഇൻഫോവ' വ്യാജ റിക്രൂട്ട്‌മെന്റ് വഞ്ചനാ കേസിൽ സഹോദരങ്ങളും പിതാവുമടക്കം 4 പ്രതികൾ ഏപ്രിൽ 10 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രന്റേതാണുത്തരവ്.

പ്രതികൾക്കെതിരെ 4 വഞ്ചനാ കേസുകളാണ് കോടതിയിൽ നിലവിലുള്ളത്.തമ്പാനൂർ എസ്.എസ്.കോവിൽ റോഡിൽ രമാ പ്ലാസ ബിൽഡിംഗിലും കേശവാ ബിൽഡിംഗിലും ഗാന്ധാരിയമ്മൻ കോവിലിന് സമീപമുള്ള വൃന്ദാവൻ ബിൽഡിംഗിലും മുറികൾ വാടകക്കെടുത്ത് ആര്യൻസ് ഇൻഫോവ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ (32), ഇയാളുടെ സഹോദരനും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹരികൃഷ്ണൻ (38),ഇവരുടെ പിതാവും കമ്പനിയുടെ ഡയറക്ടറുമായ കരുണാകരൻ നായർ, കമ്പനിയിലെ അനിമേഷൻ ഡിപ്പാർട്ട്‌മെന്റ് ഹെഡ് വിമൽ എന്നിവരാണ് കേസിലെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ. നാലാം പ്രതി ഒളിവിലാണ്.

2007 ജനുവരി മാസം മുതൽ 2008 ഒക്ടോബർ മാസം വരെയുള്ള കാലയളവിലാണ് ജോലി തട്ടിപ്പ് നടന്നത്. പത്രങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ആകർഷകമായ പരസ്യം നൽകി ഉദ്യോഗാർത്ഥികളെ ആകർഷിച്ച് ക്യാമ്പസ് സെലക്ഷനിലൂടെ ഇന്റർവ്യൂ നടത്തിയും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്ത് സോഫ്റ്റ് വെയർ എഞ്ചിനീയർ ട്രെയിനികളായി നിയമിച്ചു. തുടർന്ന് സ്റ്റൈഫന്റും മുന്തിയ ഐ.റ്റി സ്ഥാപനങ്ങളിൽ പ്ലേയ്‌സ്‌മെന്റും വാഗ്ദാനം നൽകി വാഗ്ദാന മുദ്രപത്രം തയ്യാറാക്കി ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും ഒരു ലക്ഷം രൂപാ വീതം മടക്കി നൽകാവുന്ന നിക്ഷേപമായി വാങ്ങി പരിശീലനം നൽകി.

2008 ഒക്ടോബർ മാസം വരെ സ്ഥാപനം നടത്തിയ ശേഷം 600 വിദ്യാർത്ഥികളിൽ നിന്നും 6 കോടിയോളം രൂപ തട്ടിപ്പ് നടത്തി വാഗ്ദാന പത്ര പ്രകാരമുള്ള വാഗ്ദാനങ്ങൾ പാലിക്കാതെ പ്രതികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനം പൂട്ടി ഒളിവിൽ പോയി ഉദ്യോഗാർത്ഥികളെ ചതിച്ചും വഞ്ചിച്ചും പ്രതികൾ അന്യായ ലാഭമുണ്ടാക്കിയെന്നാണ് കേസ്.

ഉദ്യോഗാർത്ഥികളുടെ പരാതിയിൽ 2008 ഒക്ടോബർ 5 നാണ് തമ്പാനൂർ പൊലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തത്.എന്നാൽ 5 വർഷം അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. തുടർന്ന് ചില ഉദ്യോർത്ഥികൾ ലോകായുക്തയെ സമീപിച്ചു. ഉപലോകായുക്ത ജസ്റ്റിസ് കൃഷ്ണൻ നായരുടെ ഉത്തരവ് പ്രകാരമാണ് ഒടുവിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ നൽകി. നിഷ്‌ക്രിയമായിരുന്ന അന്വേഷണം തുടർന്ന് പൊലീസ് പുനരുജ്ജീവിപ്പിച്ചു.

പ്രതികൾ വഞ്ചനയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് കോട്ടയം നാട്ടകം വില്ലേജിൽ വാങ്ങിയ 5.5 ഏക്കർ ഭൂമിയുടെ ക്രയവിക്രയം പൊലീസ് അപേക്ഷ പ്രകാരം കോടതി മരവിപ്പിച്ചു.പ്രതികളുടെ ആഡംബര കാറുകൾതൊണ്ടിമുതലായി പൊലീസ് കോടതിയിൽ ഹാജരാക്കി. 3 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 2013, 2015, 2016 എന്നീ 4 വർഷങ്ങളിലായി 4 കുറ്റപത്രങ്ങൾ സമർപ്പിച്ചു. അപ്രകാരം 4 വഞ്ചനാ കേസുകളിലാണ് പ്രതികൾ വിചാരണ നേരിടേണ്ടത്.