തിരുവനന്തപുരം: പ്രയാപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ കോടതിയിൽ ഹാജരാകാത്ത എട്ടാം പ്രതി പീരുമേട് സ്വദേശി അജീഷിന് അറസ്റ്റ് വാറണ്ട്. ജൂൺ 15 നകം പ്രതിയെ അറസ്റ്റ് ചെയ്യാൻ തലസ്ഥാനത്തെ പോക്‌സോ കോടതി ജഡ്ജി എംപി.ഷിബു ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടു.

ചുംബന സമര സംഘാടകരായ രാഹുൽ പശുപാലനും രശ്മി. ആർ. നായരും കേസിൽ അഞ്ചും ആറും പ്രതികളാണ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്താനായാണ് പ്രതികൾ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷൻസ് വിചാരണ കേസായതിനാൽ ക്രൈം ബ്രാഞ്ച് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് കുറ്റം ചുമത്തുന്നത്.

കൊച്ചു സുന്ദരികൾ എന്ന പേരിൽ വെബ്‌സൈറ്റ് പ്രവർത്തിപ്പിച്ച് പെൺവാണിഭം നടത്തിയ സംഘാംഗങ്ങളായ കാസർഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ, കൊള്ളസംഘത്തലവനുമായ അക്‌ബർ എന്ന അബ്ദുൾ ഖാദർ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) പാലക്കാട് സ്വദേശി ആശിഖ് (34) , മൈനർ പെൺകുട്ടികളെ എത്തിച്ച ബംഗളൂരു സ്വദേശിയായ ബ്രോക്കർ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആർ.നായർ (27) , ഭർത്താവ് രാഹുൽ പി.എസ് എന്ന രാഹുൽ പശുപാലൻ (29) , കാസർഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പിൽശാല സ്വദേശി സുൽഫിക്കർ (31) , താമരശ്ശേരി സ്വദേശി അച്ചായൻ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30) , എറണാകുളം സ്വദേശി ദിലീപ് ഖാൻ (31) , താമരശ്ശേരി സ്വദേശി ജോയ്ൽസ് ജോസഫ് (30) എന്നിവരാണ് ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിലെ ഒന്നു മുതൽ പതിമൂന്ന് വരെയുള്ള പ്രതികൾ. ബാംഗ്‌ളൂരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കർണ്ണാടക ഹൈക്കോടതിയും കേസുകളിൽ ജാമ്യം അനുവദിച്ചത്.