തിരുവനന്തപുരം: ആറേകാൽ കോടി രൂപയുടെ ലഹരി മരുന്നായ ഹാഷിഷ് കള്ളക്കടത്ത് നർക്കോട്ടിക് കേസിൽ പ്രതികളുടെ ജാമ്യ ഹർജി തള്ളി. വാണിജ്യ അളവിൽ മയക്കുമരുന്ന് വിപണനം നടത്തിയെന്ന് ആരോപിക്കുന്ന കേസിൽ അന്യ സംസ്ഥാനക്കാരായ പ്രതികൾ കസ്റ്റഡിയിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹന്റെതാണ് ഉത്തരവ്.

ഗൗരവമേറിയ കൃത്യം ചെയ്തതായി ആരോപിക്കപ്പെട്ട പ്രതികളെ വിചാരണ തുടങ്ങാനിരിക്കെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്. ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യാൻ പ്രതികളെ ലഭിക്കാത്ത സ്ഥിതി സംജാതമാകുമെന്ന നിരീക്ഷണത്തോടെയാണ് ജാമ്യഹർജി തള്ളിയത്.

പ്രതികളുടെ ജാമ്യഹർജി തലസ്ഥാന വിചാരണ കോടതി പരിഗണിക്കട്ടെയെന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി തള്ളിയിരുന്നു. ഹാഷിഷ് കടത്തു കേസിൽ ജയിലിൽ കഴിയുന്ന 1 മുതൽ 3 വരെ പ്രതികളായ ഹാഷിഷ് വാങ്ങാനെത്തിയ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ആന്റണി റൊസാരി ഫെർണാണ്ടോ (39) ,കടത്തുകാരായ ഇടുക്കി തങ്കമണി സ്വദേശികളായ ബിനോയി തോമസ് (44) , റ്റി. എൻ. ഗോപി (68) എന്നിവരുടെ ജാമ്യ ഹർജികളാണ് നിരസിച്ചത്.

അലിബി വീഡിയോ പെൻഡ്രൈവ് ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കാൻ ഒരു മാസം സമയം വേണമെന്ന് ഫോറൻസിക് സൈബർ ഡിവിഷൻ അസി. ഡയക്ടർ ദീപ കോടതിയിൽ സാവകാശം തേടിയിരുന്നു. പ്രതികൾ ഹാജരാക്കിയ അലിബി(alibi) തെളിവായ വീഡിയോ ഡിവിഡിയുടെ ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ട് ഹാജരാക്കാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടിരുന്നു.

ഫോറൻസിക് മേധാവി മാർച്ച് 15 ന് റിപ്പോർട്ട് ഹാജരാക്കാനായിരുന്നു ഉത്തരവ്. 3 പ്രതികളുടെയും ജയിൽ റിമാന്റ് കോടതി ദീർഘിപ്പിച്ച് പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചു. അലിബി (സംഭവ സമയം മറ്റൊരിടത്തായിരുന്നെന്ന പ്രതികളുടെ വാദം) തെളിയിക്കുന്ന വീഡിയോ വിചാരണ കോടതി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തൊണ്ടി മുതലുകളുമായി എക്‌സൈസ് തങ്ങളെ സ്‌പോട്ട് അറസ്റ്റ് ചെയ്തതായി ആരോപിക്കുന്ന കൃത്യ സമയം രണ്ടും മൂന്നും പ്രതികളായ തങ്ങൾ ഇടുക്കിയിലായിരുന്നെന്ന വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ച് വിചാരണക്കോടതി വീണ്ടും പരിഗണിക്കാനാണ് സുപ്രീം കോടതി ഉത്തരവ്.