തിരുവനന്തപുരം: പാച്ചല്ലുർ പരശുരാമ ക്ഷേത്ര ജീവനക്കാരി ജയയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ മുൻ ക്ഷേത്ര ജീവനക്കാരൻ പാച്ചല്ലൂർ ചരുവിള വീട്ടിൽ മുരുകനെ (62 ) യാണ് തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജിയും പോക്‌സോ കോടതി ജഡ്ജിയുമായ എംപി.ഷിബു ശിക്ഷിച്ചത്. 2018 ജനുവരി 31 വെളുപ്പിനു 4 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുമ്പ് പാചകപ്പുര ജീവനക്കാരനായിരുന്ന മുരുകൻ വൃത്തിയില്ലെന്ന കാരണത്താൽ പുറത്താക്കിയിരുന്നു. തന്നെ പുറത്താക്കാൻ കാരണം ജയയാണെന്ന വിരോധത്താൽ ക്ഷേത്ര ജോലിക്കെത്തിയ ജയയെ പാച്ചല്ലൂർ പാലത്തിൽ വെച്ച് വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. സ്ഥലത്തുണ്ടായിരുന്ന തിരുവല്ലം പൊലീസ് ജയയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. പ്രോസിക്യൂഷന് വേണ്ടി അജിത് പ്രസാദ് ഹാജരായി.