തിരുവനന്തപുരം: പേട്ടയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച് ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി അനീഷ് ജോർജിനെ (19) കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതിയായ പെൺ സുഹൃത്തിന്റെ പിതാവ് പ്രവാസിയായ പേട്ട ഏദൻ വീട്ടിൽ സൈമൺ ലാലയെന്ന ലാലനെ മെയ് 16 ന് ഹാജരാക്കാൻ പേട്ട സർക്കിൾ ഇൻസ്‌പെക്ടറോടാണ് എ സി ജെ എം ഉത്തരവിട്ടത്.

കൊലക്കേസ് വിചാരണക്കായി സെഷൻസ് കോടതിയിൽ കമ്മിറ്റ് ചെയ്തയക്കുന്നതിന് മുന്നോടിയായി പ്രതിയുടെ ജാമ്യം പുതുക്കുന്നതിനും കുറ്റപത്ര പകർപ്പും അനുബന്ധ രേഖകൾക്ക് പകർപ്പും പ്രതിക്ക് നൽകുന്നതിനായാണ് പ്രതിയെ കോടതി വിളിച്ചു വരുത്തുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341 (അന്യായമായി തടഞ്ഞു വെക്കൽ), 342 ( അന്യായ തടങ്കലിൽ വക്കൽ), 302 ( കൊലപാതകം ) എന്നീ കുറ്റങ്ങൾക്കാണ് കോടതി പ്രതിക്കെതിരെ കേസെടുത്തത്.

2021 ഡിസംബർ 28 വെളുപ്പിനാണ് തലസ്ഥാനം നടുങ്ങിയ അരും കൊലപാതകം നടന്നത്. അനീഷ് രാത്രി 1.37 ന് ശേഷമാണ് പെൺ സുഹൃത്തിന്റെ വീട്ടിലെത്തിയതെന്നാണ് പൊലീസ് കേസ്. അനീഷിന്റെ ഫോണിൽ നിന്ന് രാത്രി 1.37 വരെ പെൺ സുഹൃത്തിന്റെ ഫോണിലേക്ക് കോളുകൾ വന്നിരുന്നു. ഇതിന് ശേഷമാണ് അനീഷ് ഈ വിട്ടിലേക്കെത്തിയത്. വീടിന്റെ പിൻഭാഗത്തു കൂടിയാണ് അനീഷ് ഇവിടേക്കെത്തിയത്. പ്രധാന റോഡ് ഒഴിവാക്കി പിന്നിലുള്ള കാടുകയറിയ പ്രദേശത്തു കൂടിയുള്ള വഴിയിലൂടെയാണ് എത്തിയതെന്ന് ഡോഗ് സ്‌ക്വാഡ് പരിശോധനയിൽ വ്യക്തമായിരുന്നു.