- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിക്കകം സ്‌കൂൾ വാനപകടം: വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികൾ; വിട്ടയക്കരുതെന്ന് പ്രോസിക്യൂഷൻ; വിടുതൽ ഹർജിയിൽ മെയ് 20 ന് വാദം ബോധിപ്പിക്കാൻ അന്ത്യശാസനം
തിരുവനന്തപുരം: കരിക്കകം സ്‌കൂൾ വാനപകട കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ മെയ് 20 ന് വാദം ബോധിപ്പിക്കാൻ കോടതി അന്ത്യശാസനം നൽകി. പ്രതികൾക്കാണ് തിരുവനന്തപുരം രണ്ടാം അഡീ. സബോഡിനേറ്റ് ആൻഡ് അസി. സെഷൻസ് കോടതി ജഡ്ജി ലൈജു മോൾ ഷെരീഫ് അന്ത്യശാസനം നൽകിയത്. വാദം ബോധിപ്പിക്കാൻ പ്രതികൾ കൂടുതൽ സമയം തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. 2018 ലാണ് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചത്. പ്രാരംഭ വാദത്തിൽ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വിചാരണ ചെയ്യാൻ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
സ്വകാര്യ സ്‌കൂൾ വാൻ ഡ്രൈവർ നന്ദു എന്ന സുമേഷ്, ട്രാൻസ്‌പോർട്ട് പെർമിറ്റില്ലാത്ത വാഹനത്തിന്റെ ഉടമസ്ഥൻ അനൂപ് .എസ്.പ്രേംലാൽ എന്നിവരാണ് നരഹത്യാക്കേസിലെ പ്രതികൾ. ചാക്ക ലിറ്റിൽ ഹാർട്ടിലെ വിദ്യാർത്ഥികളുമായി പോയ വാനാണ് പാർവതി പുത്തനാർ പുഴയിൽ പതിച്ചത്. അപകടത്തിൽ ആർഷ, ബൈജു, കിരൺ, റാഫിക്, ഉജ്വൽ, മാളവിക, അച്ചു എന്നീ വിദ്യാർത്ഥികളും സ്‌കൂൾ ആയ ബിന്ദുവും മരിച്ചിരുന്നു
2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രാൻസ്‌പോർട്ട് പെർമിറ്റില്ലാതെയും ഫിറ്റ്‌നസ് സാക്ഷ്യ പത്രമില്ലാതെയും വാനിൽ സ്വകാര്യ സ്‌കൂളിലെ കുട്ടികളുമായി അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അമിത വേഗതയിൽ വാഹനമോടിച്ച് മരത്തിലിടിച്ച വാഹനം കായലിൽ വീണതിൽ വച്ച് 8 വിദ്യാർത്ഥികളെ കുറ്റകമായ നരഹത്യ ചെയ്യുകയും ഇടിയുടെ ആഘാതത്തിൽ അനവധി വിദ്യാർത്ഥികൾക്ക് എല്ലുപൊട്ടലുകൾ ഉണ്ടാക്കി കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഡ്രൈവറുടെ അമിതവേഗതയെക്കുറിച്ച് രക്ഷകർത്താക്കൾ വാഹന ഉടമയോട് പരാതിപ്പെട്ടിട്ടും ഡ്രൈവറെ മാറ്റാൻ ഉടമ കൂട്ടാക്കിയില്ല. അമിത വേഗതയും മൊബൈൽ ഡ്രൈവിംഗിനിടെ ഫോണുപയോഗിച്ചതുമാണ് പിഞ്ചു കുട്ടികളുടെ മരണത്തിനും മാരകമായ പരിക്കുകൾക്കും ഇടയാക്കിയത്.
കരിക്കകം ദുരന്തത്തിൽ ഏഴ് വർഷത്തിന് ശേഷം 2018 ഡിസംബർ 17 ന് ഇർഫാൻ എന്ന വിദ്യാർത്ഥിയും യാത്രയായി. അപകടത്തിൽപ്പെട്ട ഇർഫാൻ എഴുന്നേൽക്കാൻ പറ്റാതെ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെയാണ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായത്. ആദ്യം 6 പേരാണ് മരിച്ചത്. കരിക്കകം സ്‌കൂൾ വാൻ ദുരന്തത്തിന്റെ ജീവിക്കുന്ന രക്‌സാക്ഷിയായിരുന്ന ഇർഫാനെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാനാവില്ല. ഈ കുഞ്ഞിന്റെ ആറു കൂട്ടുകാരെയാണ് പാർവ്വതീപുത്തനാർ കവർന്നത്. 2011 ഫെബ്രുവരി 17 ന് അവർ സ്‌കൂളിലേക്ക് പോയ വാൻ പാർവതീ പുത്തനാറിലേക്ക് പതിക്കുകകയായിരുന്നു. എന്നാൽ അപകടം നടന്ന് ഏഴ് വർഷം പിന്നിടുന്ന വേളയിൽ ഇർഫാനും കൂട്ടുകാരുടെ അടുത്തേക്ക് യാത്രയായിരിക്കുകയാണ്.
അപകടം നടന്ന് രണ്ടര വർഷത്തിന് ശേഷം ഇർഫാൻ പരസഹായത്തോടെ നടക്കാൻ തുടങ്ങിയിരുന്നു. ഇർഫാന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ സർക്കാർ തീരുമാനിച്ചിരുന്നു. നാട്ടുകാരുടേയും സന്നദ്ധസംഘടനകളുടേയും നേതൃത്വത്തിൽ ഇർഫാൻ വീട് നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 ( തങ്ങളുടെ പ്രവൃത്തിയാൽ മറ്റുള്ളവർക്ക് മരണം സംഭവിക്കാമെന്ന അറിവോടെ ചെയ്യുന്ന പ്രവൃത്തിയിൽ മരണം സംഭവിപ്പിച്ചുള്ള കുറ്റകരമായ നരഹത്യ), 338 ( അസ്ഥികൾക്ക് പൊട്ടലുളവാക്കി കഠിന ദേഹോപദ്രവമേൽപ്പിക്കൽ), 34 ( കൂട്ടായ്മ), കേരള മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 66 ( ട്രാൻസ്‌പോർട്ട് പെർമിറ്റില്ലാതെ സ്വകാര്യ വാഹനം വാടകക്ക് ഉപയോഗിക്കൽ), 56 ( ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ വാഹനം നിരത്തിലിറക്കൽ) എന്നീ കുറ്റങ്ങൾ ആണ് പ്രതികൾക്ക് മേൽ ആരോപിച്ചിട്ടുള്ളത്. തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്