തിരുവനന്തപുരം: 2016 മുതൽ കോടതിയിൽ സൂക്ഷിച്ചിരുന്ന 125 ഗ്രാം തൊണ്ടി കഞ്ചാവ് പകുതിയോളം ശോഷണം നടന്ന സംഭവം എലി കരണ്ടതായി പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനടക്കം 6 സാക്ഷികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടു. സാക്ഷികൾ 19 ന് ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് ഉത്തരവിട്ടത്. സാക്ഷികളെ ഹാജരാക്കാൻ കന്റോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകി. 3 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു.

2016 ൽ സാബു എന്ന പെറുക്കി സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ തൊണ്ടിമുതലാണ് കുറവു വന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ സാബുവിനെ കന്റോൺമെന്റ് പൊലീസ് പിടികൂടിയിരുന്നു. കേസിന്റെ വിചാരണ നടപടികൾക്കായി തൊണ്ടി മുതൽ തൊണ്ടി റൂമിൽ നിന്ന് പുറത്തെടുത്തപ്പോളാണ് ഇതിൽ പകുതി ഭാഗം കാണാനില്ലെന്ന് കണ്ടെത്തിയത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു.