തിരുവനന്തപുരം: സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാർ പുത്തൻകട ജോയി ഭവനിൽ രാഖി മോളെ (30) കൊലപ്പെടുത്തിയ കേസിൽ 3 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ 88 ആം സാക്ഷിയുടെ ക്രോസ് വിസ്താരം കോടതി മാറ്റിവച്ചു. 88 ആം സാക്ഷിയെ പുതിയ സമൻസ് കൈപ്പറ്റിയ ശേഷം വന്നാൽ മതിയെന്ന നിർദ്ദേശം നൽകി കോടതി തിരിച്ചയച്ചു.

തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ. സെഷൻസ് കോടതി മുമ്പാകെ വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കവേയാണ് കോടതിയിൽ പ്രോസിക്യൂഷൻ ഹർജി എത്തുന്നത്. 160 രേഖകൾ കോടതി തെളിവിൽ സ്വീകരിച്ചു. 92 തൊണ്ടിമുതലുകൾ തെളിവിൽ സ്വീകരിച്ചു. 28 ന് പ്രോസിക്യൂഷൻ ഹർജി പരിഗണിക്കും.

കേസിൽ രാഖിയിയുടെ മൃതദേഹം പൊലീസ് പ്രേത വിചാരണ ചെയ്യുന്നതിന്റെ സിഡികൾ പ്രതികൾക്ക് കോടതി നടപടിക്രമങ്ങളുടെ ഭാഗമായി നൽകി. അന്വേഷണ ഉദ്യോഗസ്ഥനും ഫോട്ടോഗ്രാഫറും കോടതിയിൽ ഹാജരായാണ് 3 സി ഡികൾ കോടതിയിൽ ഹാജരാക്കിയത്. 2 പ്രതികളെ വീണ്ടും 28 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി ജാമ്യത്തിലാണ്.