തിരുവനന്തപുരം: രജിസ്‌ട്രേഷൻ ലൈസൻസില്ലാതെ ഫാക്ടറി പ്രവർത്തിപ്പിച്ച ഉടമക്കെതിരെ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തു. വലിയതുറ ഫ്രണ്ട്‌സ് എൻജിനീയറിങ് വർക്‌സ് ഉടമയും മനേജരുമായ സുബാഷ് ഗോമസിനെതിരെയാണ് ഫാക്ടറി നിയമ ലംഘനത്തിന് കേസ് എടുത്തത്. പ്രതി മെയ് 28 ന് ഹാജരാകാൻ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ഉത്തരവിട്ടു.

2015 മെയ് 14 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ഫാക്ടറി ഇൻസ്‌പെക്ടർ എസ്. ഭദ്രൻ നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിപ്പിച്ച ഫാക്ടറിയിൽ ജനറൽ എഞ്ചിനീയറിങ് വർക്കുകളായ ഗേറ്റ് , ഗ്രില്ല് , റൂഫ് , ഷട്ടർ മുതലായ ജോലികൾ ഏഴ് തൊഴിലാളികൾ ചെയ്യുന്നതായി കണ്ടു. ആറ് കുതിരശക്തി (4.476 കിലോ വാട്ട്) വൈദ്യുതി ഉപയോഗിക്കുന്നതായും ശ്രദ്ധയിൽ പെട്ടു. തൊട്ടടുത്ത കെ എസ് ഇ ബി ഇലക്ട്രിക്കൽ ഓവർ ഹെഡ് ലൈനിൽ നിന്നും ആണ് വൈദ്യുതി കണക്ഷൻ എടുത്തിരുന്നത്. ഫാക്ടറി ലൈസൻസും രജിസ്റ്ററുകളും ഇല്ലാതെ ഫാക്ടറി പ്രവർത്തിപ്പിക്കുന്നതായും കണ്ടെത്തി കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചു.