തിരുവനന്തപുരം : 90 കിലോ കഞ്ചാവ് കടത്തിയ കേസിലെ നാല് പ്രതികളെ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടെന്ന് എകസൈസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവിന്റെ വിപണന ശ്യംഖല കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

2023 മെയ്‌ ഏഴിനാണ് കണ്ണേറ്റ് മുക്കിൽ വച്ച് റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ അടങ്ങിയ സംഘം പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറിൽ നിന്ന് 90 കിലോ കഞ്ചാവ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവ് പ്രതികൾ നഗരത്തിൽ വിതരണം ചെയ്യുന്നതിനായാണ് കൊണ്ട് വന്നത്. വാഹന പരിശോധനയിൽ കുടുങ്ങാതിരിക്കാൻ കേസിലെ പ്രതിയായ വിഷ്ണുവിന്റെ ഭാര്യയെയും മകളെയും കാറിൽ പ്രതികൾ തങ്ങളുടെ കാറിൽ ഒപ്പം കൂട്ടി കുടുംബമാണ് സഞ്ചരിക്കുന്നതെന്ന പ്രതീതി അന്വേഷണ സംഘത്തിൽ ഉണ്ടാക്കിയിരുന്നു.

എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിന്തുടർന്ന് അന്വേഷണ സംഘം പിടികൂടിയത്. പ്രതികൾ നഗരത്തിൽ എത്തിക്കുന്ന കഞ്ചാവ് സ്‌കൂൾ കുട്ടികളെ അടക്കം ഉപയോഗിച്ച് വിപണനം നടത്തുന്നുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബോൾട്ട് അഖിൽ എന്ന ജഗതി സത്യനഗർ സ്വദേശി അഖിൽ, ആർ. ജി, മാറനല്ലൂർ കരിങ്ങൽ വിഷ്ണു ഭവനിൽ ബോലേറ വിഷ്ണു എന്ന വിഷ്ണു, തിരുവല്ലം മേനിലം ചെമ്മണ്ണ് വിള പുത്തൻ വീട്ടിൽ ചൊക്കൻ രതീഷ് എന്ന രതീഷ് . എസ്. ആർ, തിരുവല്ലം കരിങ്കടമുകൾ ശാസ്താഭവനിൽ രതീഷ് എന്ന രതീഷ് .ആർ എന്നിവരാണ് കേസിലെ പ്രതികൾ.