തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മൂന്നാം പ്രതിയും എൽ ഡി എഫ് കൺവീനറുമായ ഇ.പി.ജയരാജന് മേൽ കോടതി കുറ്റം ചുമത്തി. പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് കുറ്റം ചുമത്തിയത്. വായിച്ചു കേട്ട് കുറ്റം ചെയ്തിട്ടുണ്ടോയെന്ന തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. രേഖയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജയരാജൻ ബോധിപ്പിച്ചത്. പ്രതികൾക്ക് ഡി വി ഡി പകർപ്പുകൾ നൽകാൻ ഒക്ടോബർ 26 ന് കേസ് മാറ്റി. മന്ത്രി ശിവൻകുട്ടിയടക്കം 5 പ്രതികൾക്ക് മേൽ കോടതി കഴിഞ്ഞ വിചാരണ ദിവസം കുറ്റം ചുമത്തിയിരുന്നു.

2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ , സി.കെ.സദാശിവൻ , നിലവിൽ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി , മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവർക്ക് മേലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആർ.രേഖ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തിയത്. കുറ്റ സ്ഥാപനത്തിൽ ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്.

കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും ചുമത്തി. 1984 ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തൽ) പ്രകാരം 2 വർഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാർഹരാണ്.കൂടാതെ വകുപ്പ് 447 ( ഡയസ്സ് വസ്തു കൈയേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാർഹരാണ്.

ഇ.പി.ജയരാജൻ 26 ന് ഹാജരാകാൻ കോടതി കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. 2015 മാർച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ കൃത്യ ദിവസം നിയമസഭക്കകത്ത് കെ.കെ.ലതിക എംഎൽഎയെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എം എൽ എ മാരായ എം.എ.വാഹിദ് , എ. റ്റി.ജോർജ് എന്നിവർ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്ന കേസിൽ കോടതിയിൽ ഹാജരാകാത്തതിന് വാഹിദിനും ജോർജിനുമെതിരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒക്ടോബർ 1 നകം അറസ്റ്റ് ചെയ്യാൻ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടത്.