- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
90 കിലോ കഞ്ചാവ് പിടിച്ച കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു
തിരുവനന്തപുരം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 90 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധം വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിന് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് എക്സ്സെസ് സംഘം. ആവശ്യം അംഗീകരിച്ച ആറാം അഢീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണു പ്രതികളെ ഈ മാസം 22 വരെ കസ്റ്റഡിയിൽ വിട്ടു. ഇത് രണ്ടാം തവണയാണ് കോടതി പ്രതികളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു കൊടുക്കുന്നത്.
പ്രതികളുടെ അന്തർസംസ്ഥാന ബന്ധം ബോധ്യമായതിനാൽ പ്രതികൾക്ക് ഇതിനു മുൻപും വിപണനത്തിന് ആവശ്യമായ കഞ്ചാവ് മറ്റാരെങ്കിലും എത്തിച്ചു കൊടുത്തിട്ടുണ്ടോ എന്നതും പ്രതികളിൽ നിന്ന് ഏതെല്ലാം ചില്ലറ വിൽപ്പനക്കാരാണ് കഞ്ചാവ് നിരന്തരം വാങ്ങി വരുന്നതെന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷണം നടത്തേണ്ടതുള്ളതിനാൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികളെ ഒരിക്കൽ കസ്റ്റഡിയിൽ വിട്ടതിനാൽ വീണ്ടും കസ്റ്റഡി വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രതിഭാഗം ശക്തമായി ആവശ്യപ്പെട്ടു. ഇപ്പോൾ കേസ് അന്വേഷണം എക്സ്സൈസ് ക്രൈം ബ്രാഞ്ചിന് സർക്കാർ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടത്.
ജഗതി സത്യനഗർ സ്വദേശിയായ ബോൾട്ട് അഖിൽ എന്ന അഖിൽ.ആർ.ജി, തിരുവല്ലം കരിങ്കടമുകൾ സ്വദേശി യമഹ രതീഷ് എന്ന രതീഷ്.ആർ, തിരുവല്ലം മേനിലം ചെമ്മണ്ണ് വിള സ്വദേശി ചൊക്കൻ രതീഷ് എന്ന രതീഷ്.എസ്.ആർ, കല്ലിയൂർ മുതുവക്കോണത്ത് സ്വദേശി ബോലേറാ വിഷ്ണു എന്ന വിഷ്ണു എന്നിവരാണ് കേസിലെ പ്രതികൾ. ഒഡീഷയിൽ നിന്ന് നാല് ലക്ഷം രൂപയക്ക് വാങ്ങിയ കഞ്ചാവാണ് പ്രതികളിൽ നിന്ന് 2023 മെയ് ഏഴിന് കണ്ണേറ്റുമുക്കിൽ വച്ച് എക്സസെസ് സംഘം പിടികൂടിയത്. ചില്ലറ വിൽപ്പനയ്ക്കുള്ള കഞ്ചാവ് അഖിലിന്റെ വീട്ടിൽ സൂക്ഷിക്കുന്നതിനാണ് കൊണ്ട് വന്നത്. കഞ്ചാവ് കടത്തി കൊണ്ട് വരുമ്പോൾ വഴിയിൽ വാഹന പരിശോധനയിൽ സംശയം ഉണ്ടാകാതിരിക്കാൻ വിഷ്ണുവിന്റെ ഭാര്യയെും കുട്ടിയെയും കൂടി സംഘം കൂടെ കൂട്ടുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്