തിരുവനന്തപുരം: കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സരിത. എസ്. നായരടക്കം 2 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഒളിവിൽ കഴിയുന്ന സരിതയുടെ മാതാവിനും പവർ കമ്പനി മാനേജർക്കുമെതിരെ നേരത്തേ കോടതി ജപ്തി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തലസ്ഥാനത്തെ അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.

കേസിൽ കോടതിയിൽ ഹാജരാകാതെ ദീർഘകാലമായി ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിയും സരിതയുടെ മാതാവുമായ ആലപ്പുഴ മൺമഴി പഴയേടം വീട്ടുനമ്പർ 12/60 ൽ ഇന്ദിരാദേവി , നാലാം പ്രതിയും പവർ കമ്പനിയുടെ കോയമ്പത്തൂർ വടവള്ളി ഓഫീസ് മാനേജരുമായ ബാലാജി നഗർ നിവാസി ഷൈജു സുരേന്ദ്രൻ എന്നിവർക്കെതിരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച കോടതി അവർക്കെതിരെ അറസ്റ്റ് വാറണ്ടും സ്ഥാവര ജംഗമ സ്വത്തുക്കൾ ഖജനാവിലേക്ക് മുതൽകൂട്ടാൻ ജപ്തിവാറണ്ടും 2021 ൽ പുറപ്പെടുവിച്ചു.

കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പീരുമേട് തോട്ടമുടമയും അതിയന്നൂർ തലയൽ പള്ളിയറ വീട്ടിൽ താമസക്കാരനുമായ ആർ. ജി. അശോക് കുമാറിനെ 2018 നവംബർ 21ന് വിസ്തരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തേക്ക് മൂന്ന് പ്രാമാണിക രേഖകൾ കോടതി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു. 20ഹ 9 നവംബർ 26 ന് മൂന്നു മുതൽ ഏഴ് വരെയുള്ള സാക്ഷികളെ വിസ്തരിച്ച് ആറ് പ്രാമാണിക രേഖകൾ അക്കമിട്ട് തെളിവിൽ സ്വീകരിച്ചു.

ഐ.സി.എം.എസ്. പവർ കണക്റ്റ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരി സരിത.എസ്. നായർ , നടത്തിപ്പുകാരൻ ബിജു രാധാകൃഷ്ണൻ എന്നിവരാണ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന 2 പ്രതികൾ.