തിരുവനന്തപുരം: പോത്തൻകോട്ട് ഹരിജൻ യുവതിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക് കോടതിയുടെ മെമോ. കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്തതിനാണ് മെമോ. കുപ്രസിദ്ധ ഗുണ്ട കരടി ബൈജു അടക്കം 4 പ്രതികളുള്ള കേസിൽ 2 പ്രതികളെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്ത പുറപ്പെടുവിച്ചത്.

മാർച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള ജില്ലാ കോടതി ഉത്തരവ് നടപ്പിലാക്കുകയോ നടപ്പിലാക്കാൻ സാധിക്കാത്തതിന് കാരണം കാട്ടി റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യാത്തതിനാണ് ഡിവൈഎസ്‌പിക്ക് കോടതി മെമോ നൽകിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. ജൂൺ 15 നാണ് വിശദീകരണം ബോധിപ്പിക്കേണ്ടത്.

കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ 2 പ്രതികളെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. പോത്തൻകോട് കൂട്ട ബലാൽസംഗക്കേസിലെ മൂന്നും നാലും പ്രതികളായ വെള്ളച്ചി രതീഷ് , പരുന്ത് ബിജു എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. മാർച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.