തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസ് പ്രതിയും കൊടും കുറ്റവാളിയുമായ ഒട്ടകം രാജേഷിന് ചിറയിൻകീഴ് കൂട്ടായ്മ കവർച്ചാ കേസിൽ പ്രൊഡക്ഷൻ വാറണ്ട്. ജൂൺ 12 ന് പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് ഉത്തരവിട്ടത്. ഒട്ടകം രാജേഷ് എന്ന രാജേഷ് , വാള എന്ന അരുൺ , സുജൻ എന്ന ഉണ്ണി , വിൽസൺ എന്ന വിൻസെന്റ്, സതീശൻ എന്ന സതീഷ് , ആനന്ദ് , ഗണേശ് എന്നിവരാണ് കൂട്ടായ്മ കവർച്ച കേസിലെ 1 മുതൽ 7വരെയുള്ള പ്രതികൾ.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 395 (കൂട്ടായ്മ കവർച്ച) , 461 ( വില പിടുപ്പുള്ള വകകൾ അലമാര കുത്തി തുറന്ന് കൈവശപ്പെടുത്തൽ) , 414 (കളവു മുതൽ ഒളിപ്പിക്കാനും വിൽക്കാനും സഹായിക്കൽ), എക്‌പ്ലോസീവ് സബ്സ്റ്റൻസ്' നിയമത്തിലെ 3 , 5 എന്നീ വകുപ്പുകൾ പ്രകാരം സെഷൻസ് കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. ഒട്ടകം രാജേഷ് പോത്തൻകോട് സുധീഷ് കൊലക്കേസിൽ ജാമ്യം നിരസിക്കപ്പെട്ട് തടവറക്കുള്ളിൽ കഴിയുന്നതിനാലാണ് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചത്. അതേ സമയം ചിറയിൻകീഴ് കഞ്ചാവ് കടത്ത് കേസിലും ഒട്ടകം രാജേഷിന് പ്രൊഡക്ഷൻ വാറണ്ട്. ജൂൺ 12 ന് പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.