തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന മിഥിലാജ്, ഹഖ് മുഹമ്മദ് ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യ പ്രതികളായ അൻസറും ഷജിത്തുമടക്കം 6 പ്രതികളുടെ റിമാന്റ് നീട്ടി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളുടെ റിമാന്റ് ജൂൺ 15 വരെ ദീർഘിപ്പിച്ചത്.ജാമ്യം നിരസിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 1 മുതൽ 6 വരെയുള്ള പ്രതികളെയാണ് റിമാന്റ് ചെയ്തത്.

2020 മുതൽ റിമാന്റിൽ കഴിയുന്ന 6 പ്രതികളുടെ ജാമ്യ ഹർജികൾ തള്ളിയ കോടതി പൊതു റോഡിൽ മന:സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ഉത്തരവിടുകയായിരുന്നു. അതേ സമയം ആയുധധാരികളായ കൊല്ലപ്പെട്ടവരിൽ നിന്നുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി സ്വയരക്ഷക്കായി നടത്തിയ പ്രത്യാക്രമണത്തിൽ മരണം സംഭവിച്ചതാണെന്ന പ്രതികളുടെ വാദം വിചാരണ വേളയിൽ പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി വിലയിരുത്തി.

കുറ്റപത്രം സമർപ്പിക്കപ്പെട്ട് വിചാരണ ആരംഭിക്കാനുള്ള കേസിൽ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ സാക്ഷി മൊഴികൾ വിചാരണയിൽ തിരുത്തിച്ച് സാക്ഷികളെ കൂറുമാറ്റി പ്രതിഭാഗം ചേർത്ത് വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ട്. തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ സാക്ഷി വിസ്താര വിചാരണക്ക് പ്രതിക്കൂട്ടിൽ പ്രതികളെ ലഭ്യമാകാത്ത സ്ഥിതി സംജാതമാകും. സമാനമായ കുറ്റകൃത്യങ്ങൾ പ്രതികൾ ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

2020 ഉത്രാട ദിനമായ ഓഗസ്റ്റ് 30ന് അർദ്ധ രാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ആയുധങ്ങൾ കൈവശം വച്ച് ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. തേമ്പാംമൂട് വച്ച് നടന്ന അക്രമ സംഭവത്തിൽ സിസിറ്റിവി ഫൂട്ടേജിൽ മാരകയാധുങ്ങളായ വാളുകൾ ഉപയോഗിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ നടത്തിയ വെട്ടും കുത്തും പ്രകടമായി കാണാൻ കഴിയുന്നതാണ്. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി വെമ്പായം തേവലക്കാട് സഫിയൂൽ നിസാം മൻസിലിൽ മിഥിലാജ് (30) , ഡിവൈഎഫ്‌ഐ കലുങ്കിൽ മുഖം യൂണിറ്റ് പ്രസിഡന്റ് കലുങ്കിൽമുഖം ബിസ്മി മൻസിലിൽ ഹഖ് മുഹമ്മദ് (24) എന്നിവരാണ് അർദ്ധരാത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ഓഗസ്റ്റ് 13 ന് പ്രതികളിലൊരാളായ സജീബ് സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കൊല്ലപ്പെട്ട ഹക്ക് മുഹമ്മദും സംഘവും ആക്രമിച്ച് തടികൊണ്ടടിച്ചതാണ് തിരിച്ചടി നൽകാൻ കാരണമായതെന്ന് എന്ന മൊഴിയാണ് അറസ്റ്റിലായ പ്രതികൾ പൊലീസിന് ആവർത്തിച്ചു നൽകിയിരിക്കുന്നത്. പ്രതികാരം ചെയ്യണമെന്ന് അന്ന് തീരുമാനിച്ചതുകൊണ്ടാണ് പൊലീസിൽ അന്ന് പരാതിപ്പെടാത്തതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് പൊലീസ് വിശദീകരിക്കുന്നത്. അതേ സമയം വ്യക്തിപരമായുള്ള വിരോധത്താൽ നടന്ന സംഘട്ടനത്തെ പൊലീസ് ഇടത് പക്ഷ സർക്കാരിന്റെ ആജ്ഞയനുസരിച്ച് രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് കോൺഗ്രസ് പ്രവർത്തകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോപണമുയർന്നു. നിക്ഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ സംസ്ഥാനമൊട്ടാകെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.

കേസിൽ പ്രതികളായി യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷാജഹാൻ മകൻ ഷജിത്ത് (27) , പുല്ലമ്പാറ മുക്കൂടിൽ ചരുവിള പുത്തൻ വീട്ടിൽ അജിത് (27) , തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ അലിയാരു കുഞ്ഞ് മകൻ നജീബ് (41) , മരുതുംമൂട് റോഡരികത്ത് വീട്ടിൽ ചെല്ല സ്വാമി മകൻ സതികുമാർ (46) , തേമ്പാമൂട് സ്വദേശി അബ്ദുൾ ഹക്കിം മകൻ അൻസർ (40) , മദപുരം സ്വദേശി ബിജു എന്ന ഉണ്ണി (44) , മദപുരം സ്വദേശി ശ്യാമള മകൾ പ്രീജ എന്നിവരെ സെപ്റ്റംബർ 1ന് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളി അബൂബക്കർ മകൻ വെള്ളി സജീബ് , സനൽ സിങ് എന്ന സനൽ എന്നിവരെ സെപ്റ്റംബർ 4ന് അറസ്റ്റ് ചെയ്തു.