തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ 16 കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് മാഞ്ഞാലിക്കുളം റോഡിൽ ഉപേക്ഷിച്ച കേസിൽ ഏക പ്രതി ഓട്ടോ ഡ്രൈവർ ബോംബെ ഷെമീറിന് ജാമ്യമില്ല. തിരുവനന്തപുരം പോക്‌സോ കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്.

ഗൗരവമേറിയ കുറ്റകൃത്യത്തിലുൾപ്പെട്ട പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും 16 കാരിയായ ഇരയക്കമുള്ള സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.

സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇടവ കാപ്പിൽ വടക്കേവിള വീട്ടിൽ ബോംബൈ ഷമീർ എന്ന ഷമീർ (36). മാർച്ച് 25 മുതൽ ജയിലിൽ കഴിയുകയാണ്. വിവിധ ജില്ലകളിലായി മോഷണം, പിടിച്ചു പറി , കഞ്ചാവു കടത്ത്, അടി പിടി തുടങ്ങി 30 ഓളം ക്രൈം കേസുകളിൽ പ്രതിയാണ് ഷെമീർ. സംഭവത്തിന് 6 മാസം മുമ്പ് ഉള്ളൂരിന് സമീപം വൃദ്ധയുടെ മാല പൊട്ടിച്ച കേസിലും ഇയാൾ പിടിയിലായിരുന്നു.

2023 മാർച്ച് 23 ന് രാത്രി 9.30 ന് ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഓട്ടോയിൽ തട്ടിക്കൊണ്ടു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ സഹോദരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പെൺകുട്ടി കൂട്ടിരിക്കാനാണ് മുത്തശ്ശിക്കൊപ്പം ഇവിടെ എത്തിയത്.

ഷെമീറിന്റെ ഭാര്യ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ എസ്എടി ആശുപത്രിക്ക് സമീപത്തുനിന്നാണ് മെഡിക്കൽ കൊളജ് പൊലീസ് ഇയാളെ മാർച്ച് 25 ന് അറസ്റ്റു ചെയ്തത്.