തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത വിസാ തട്ടിപ്പു കേസിൽ പട്ടം റിയാ ട്രാവൽ സൊല്യൂഷൻസ് ഉടമ കവടിയാർ ഗോൾഫ് ലിങ്ക്‌സ് നീലിമ വീട്ടിൽ മുജീബ് റഹ്‌മാൻ (43) എന്നയാൾക്കെതിരെ പൊലീസ് കുറ്റപത്രം സംർപ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

നെട്ടയം സ്വദേശിനി ശിവലക്ഷ്മിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് നാലു ലക്ഷം രൂപ ഇയാൾ വാങ്ങിയിരുന്നു. പിന്നീട് അവരുടെ പരിചയക്കാരിക്കും ബന്ധുക്കൾക്കും ഫാമിലി വിസ നൽകാമെന്നു പറഞ്ഞ് അഞ്ചര ലക്ഷം രൂപയും കൈക്കലാക്കി. ആകെ ഒമ്പതര ലക്ഷം രൂപയും പത്ത് പാസ്‌പോർട്ടുകളും ഇവരിൽനിന്നു വാങ്ങിയിരുന്നു. എന്നാൽ, വിസ നൽകാതെ പണം വാങ്ങി കബളിപ്പിച്ചതോടെ ശിവലക്ഷ്മി പൊലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2021 നവംബർ 29 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ വിസാ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. നിരവധിപേരെ കബളിപ്പിച്ച് ഇത്തരത്തിൽ പണം തട്ടിയെടുത്തിട്ടുള്ള മുജീബ് വലിയ ആഡംബരജീവിതമാണ് നയിച്ചുവന്നിരുന്നതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ പ്രശാന്ത്, രതീഷ്, പ്രിയ, എഎസ്ഐ. സാദത്ത്, എസ്.സി.പി.ഒ.മാരായ അനിൽകുമാർ, രഞ്ജിത്, പ്രീജ, സി.പി.ഒ.മാരായ ബിനു, രഘു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഗോൾഫ് ലിങ്ക്‌സിലെ വീട്ടിൽ നിന്നും നിരവധി പാസ്‌പോർട്ടുകളും രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.