- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കല വടശ്ശേരിക്കോണം സംഗീത കൊലക്കേസിൽ പ്രതിയെ ഹാജരാക്കണം; പ്രതി ഗോപു മുൻകാമുകിയെ കഴുത്തറത്തുകൊന്നത് അർദ്ധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി
തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണം സംഗീത കൊലക്കേസിൽ പ്രതി ഗോപുവിനെ ജൂൺ 8 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. റൂറൽ വർക്കല പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കാണ് കോടതി നിർദ്ദേശം നൽകിയത്. വർക്കല ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എം.ഹരികൃഷ്ണന്റേതാണുത്തരവ്. പ്രതിയെ വിചാരണക്ക് സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കുന്നതിലേക്കാണ് പ്രതിയെ വിളിച്ചു വരുത്തുന്നത്. 2022 ഡിസംബർ 28 ന് പുലർച്ച ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബ്രേക്ക് അപ്പ് ആയി പിണങ്ങിപ്പോയ മുൻ കാമുകിയെ അർദ്ധരാത്രി വീട്ടിൽ നിന്നും പുറത്തു വിളിച്ചു വരുത്തി കട്ടർ കത്തി കൊണ്ട് കഴുത്തു മുറിച്ചു ദാരുണമായി കൊലപ്പെടുത്തിയെന്നാണ് കേസ്. വ്യാജപ്പേരിൽ ആൾമാറാട്ടം നടത്തി ചാറ്റു ചെയ്ത് സൗഹൃദം സ്ഥാപിച്ചായിരുന്നു കൊലപാതകം.
മുൻ ആൺ സുഹൃത്ത് ഗോപുവിനെ ഏക പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വർക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യു.പി സ്‌കൂളിന് സമീപം കുളക്കോടുപൊയ്ക പൊലീസ് റോഡിൽ സംഗീത നിവാസിൽ സംഗീതയെ (16) സുഹൃത്ത് ഗോപു കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ൺപതോളം പേരാണ് സാക്ഷി പട്ടികയിലുള്ളത്.
വ്യാജപേരിൽ സൗഹൃദം സ്ഥാപിച്ച ഗോപു അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീതയെ ഫോണിൽ വിളിച്ച് പുറത്തുവരാൻ ആവശ്യപ്പെടുകയായിരുന്നു. സംഗീത വീട്ടിൽ നിന്നിറങ്ങി അടുത്തുള്ള റോഡിനു സമീപമെത്തി. സംസാരത്തിനിടയിലാണ് സംഗീതയെ കത്തികൊണ്ട് കഴുത്തറുത്തത്.
സംഗീത നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി സിറ്റൗട്ടിൽ വീഴുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെയാണ് കണ്ടത്. പരിസര വാസികൾ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ സംഗീത മരിച്ചു. കൃത്യത്തിനുപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലെ പുരയിടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗോപുവിനെ പൊലീസ് പിടികൂടി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്