തിരുവനന്തപുരം: ആന്ധ്രാ പ്രദേശിലെ വിജയവാഡയിൽനിന്ന് തിരുവനന്തപുരത്തേക്ക് കാറിൽ 4 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ മോഷണക്കേസ് പ്രതി നന്ദു അടക്കം 3 പേർക്കെതിരെ നേമം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.ഒരു കിലോഗ്രാമിന് മേലുള്ള വാണിജ്യ അളവായതിനാൽ ഫയലിങ് കോടതിയായ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് നേമം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

പാലോട് എഎസ്എം മൻസിലിൽ എസ്. എം. മുഹമ്മദ് (22), മോഷണക്കേസ് പ്രതി പാരിപ്പള്ളി പുത്തൻകുളം നന്ദു ഭവനിൽ നന്ദു (28), വെള്ളറട കലുങ്ക്‌നട ശാന്തറ തലയ്ക്കൽ പുത്തൻ വീട്ടിൽ ബിബിൻ (26) എന്നിവരെ 1 മുതൽ 3 വരെ പ്രതി വർഗ്ഗത്തിൽ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. 2022 നവംബർ 17 ന് രാത്രി ഒമ്പതോടെയായിരുന്നു തൊണ്ടി സഹിതം പ്രതികളെ പിടികൂടിയത്. തമ്പാനൂർ സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതിയായ നന്ദുവിനെ പിന്തുടർന്ന് വരികയായിരുന്ന തിരുവനന്തപുരം തമ്പാനൂർ ഷാഡോ ടീം നേമത്ത് വാഹനം തടഞ്ഞു മൂവരെയും നേമം സ്റ്റേഷനിലെത്തിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ കഞ്ചാവ് കണ്ടെത്തിയത്. നന്ദു കൊല്ലത്ത് കഞ്ചാവ് കേസിലും കൊലക്കേസിലും പ്രതിയാണ്. മുഹമ്മദ് പാലോട് അടിപിടിക്കേസിൽ പ്രതിയാണ്. ഫോർട്ട് പൊലീസ് അസി.കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്എച്ച്ഒ രാഗീഷ്‌കുമാർ, എസ്‌ഐമാരായ വിപിൻ, പ്രസാദ്, മധുമോഹൻ, സിപിഒമാരായ സാജൻ, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.