തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ 23 കാരനായ കാമുകൻ അജിൻ സാമും 2 പെൺ സുഹൃത്തുക്കളുമടക്കം നാലു സുഹൃത്തുക്കളും അടക്കമുള്ള പ്രതികളുടെ മൂന്നാം ജയിൽ റിമാന്റ് കാലാവധി ജൂൺ 4 ന് അവസാനിക്കും.

കാമുകൻ ആലുവയ്ക്ക് സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം (23), ഇയാൾക്ക് സഹായങ്ങൾ ചെയ്തു കൊടുത്ത കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ് (23), കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി വീട്ടിൽ ജെറിൻ (29), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ (21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി (25) എന്നിവരെയാണ് പാറശ്ശാല പൊലീസ് എറണാകുളത്തിനു സമീപം കാലടിയിൽ നിന്നു പിടികൂടിയത്. 2023 ഏപ്രിൽ 23 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്‌കൂൾ വിദ്യാർത്ഥിനിയുമായി അജിൻസാം ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് നാലു സുഹൃത്തുക്കളോടൊപ്പം രാത്രിയിൽ പാറശ്ശാലയിലെത്തി കുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയി. നെയ്യാറ്റിൻകരയിലെ നക്ഷത്രഹോട്ടലിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.

അടുത്തദിവസം മുതൽ അജിൻ സാമിനെ ഫോണിൽ ലഭിക്കാതെ വന്നതോടെയാണ് പെൺകുട്ടി പീഡനത്തിനിരയായ സംഭവം വീട്ടിൽ അറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പാറശ്ശാല എസ്എച്ച്ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജി എസ്എസ്, എഎസ്‌ഐ മിനി, എസ്സിപിഒ സാബു, സിപിഒ സുനിൽകുമാർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ എറണാകുളത്തുനിന്നു പിടികൂടിയത്.