തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്ന യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യു.യു.സി) തെരഞ്ഞെടുപ്പ് ആൾമാറാട്ട കേസിൽ ഒന്നാം പ്രതി പ്രിൻസിപ്പൽ ജി.ജെ. ഷൈജു സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ശനിയാഴ്ച് പരിഗണിക്കും. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഒന്നാം പ്രതിയായ പ്രിൻസിപ്പലിന്റെ ജാമ്യ ഹർജിയിലും ഹർജിയിൽ കാട്ടാക്കട സി ഐ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലും കോടതി വാദം കേൾക്കും.

യു.യു.സി ( യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ) തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ വിജയിച്ച എ.എസ്. അനഘക്ക് പകരം വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി വിശാഖിന്റെ പേര് യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് പ്രിൻസിപ്പാൾ നൽകിയെന്നാണ് കേസ്. 2022 ഡിസംബർ 22 ന് കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ പാനലിലെ എ.എസ്. അനഘയും ആരോമലുമാണ് വിജയിച്ചത്. എന്നാൽ യൂണിവേഴ്‌സിറ്റിക്കയച്ച പട്ടികയിൽ അനഘയെ വെട്ടി മത്സരിക്കാത്ത രണ്ടാം പ്രതി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റെ പേര് വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി തിരുകിക്കയറ്റി സർവകലാശാലയെയും യഥാർത്ഥത്തിൽ ജയിച്ച അനഘയെയും വഞ്ചിച്ചുവെന്നുമാണ് കേസ്. ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യഹർജിയിൽ ജൂൺ 3 നകം പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ കൂട്ടാക്കട സിഐയോട് കോടതി ഉത്തരവിട്ടിരുന്നു.

ആൾമാറാട്ട കേസിൽ കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്.എഫ്.ഐ നേതാവ് എ. വിശാഖിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേരള സർവകലാശാല രജിസ്റ്റ്രാർ നൽകിയ പരാതിയിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് ജി.ജെ ഷൈജുവിനെ പ്രിൻസിപ്പൽ പദവിയിൽ നിന്ന് സർവകലാശാല പുറത്താക്കിയിരുന്നു.

കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. കോളജ് അധികൃതർ യൂണിവേഴ്‌സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച എ.എസ്. അനഘക്ക് പകരം എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റെ പേര് നൽകിയത്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ യു.യു.സിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയത്. ഇതേ കോളജിലെ ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥിയാണ് എ. വിശാഖ്.

യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ അനഘ രാജി സമർപ്പിച്ചിട്ടില്ല. വിശാഖിനെ കേരള യൂണിവേഴ്‌സിറ്റി ചെയർമാനാക്കാനാണ് ആൾമാറാട്ടം നടത്തിയതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നൽകിയിയിരുന്നു.

യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആൾമാറാട്ട കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ മെയ് 25 ന് പൊലീസ് പരിശോധന നടത്തി. കാട്ടാക്കട എസ്‌ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോളജിൽ പരിശോധന നടത്തിയത്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധനിച്ചത്. യൂണിയൻ തെരഞ്ഞെടുപ്പ് ഫലം, വിജയിച്ച വനിതാ പ്രതിനിധി രാജിവെച്ചോ, എസ്.എഫ്.ഐ നേതാവ് വൈശാഖിന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടത് എങ്ങനെ തുടങ്ങിയവയുടെ രേഖകളാണ് പരിശോധിച്ചത്. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം മൊഴിയെടുക്കൽ അടക്കമുള്ള തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തെ തുടർന്ന് ജൂൺ മാസം 26 ന് നടക്കേണ്ട കേരള യൂനിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.